Covid: കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടരുന്നു. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. രാജ്യത്ത് മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് നിലവില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ പ്രത്യേകിച്ച് ഹോങ്കോങ്, സിംഗപ്പൂര്‍, ചൈന, തായ് ലന്‍ഡ് എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ജനസംഖ്യാ തലത്തിലുള്ള പ്രതിരോധശേഷിയില്‍ വരുന്ന കുറവാണ് കോവിഡ് പോലുള്ള പകര്‍ച്ചവ്യാധി ഒരു കാലഘട്ടത്തിനു ശേഷം വീണ്ടും സജീവമാകാന്‍ പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡിനെതിരായ ആന്റിബോഡിയുടെ അളവ് കാലക്രമേണ കുറയുന്നതും രോഗവ്യാപനത്തിനു കാരണമായേക്കാം.
വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അത് ആശങ്കപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ഇന്ത്യയിലെ പോസിറ്റീവ് കേസുകളില്‍ ചെറിയൊരു ഉയര്‍ച്ചയുണ്ടെങ്കിലും ഇപ്പോഴും അത് 300 ലേക്ക് എത്തിയിട്ടില്ല. മേയ് 5-12 വരെയുള്ള ഒരാഴ്ച കാലം 93 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മേയ് 13-19 വരെയുള്ള ഏഴ് ദിവസം അത് 164 ആയി ഉയര്‍ന്നിട്ടുണ്ട്. മേയ് മാസത്തില്‍ ഇതുവരെ 257 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുന്‍പത്തേതു പോലെ കോവിഡ് വലിയ വിനാശകരമായ അവസ്ഥയിലേക്ക് എത്തില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ജെഎന്‍1 വകഭേദത്തിന്റെ ഉപവിഭാഗമായ എല്‍എഫ്.7 ഉം എന്‍ബി.1.8 മാണ് നിലവില്‍ സിംഗപ്പുരിലെ കോവിഡ് കേസുകളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിനും കാരണം. ഇവ മുന്‍പത്തേതു പോലെ അപകടകാരിയല്ല. വീണ്ടും ഒരു തരംഗം ഉണ്ടാകുന്ന അവസ്ഥയിലേക്ക് നിലവില്‍ പോകില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.