12 രൂപയ്ക്ക് 2 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് സംരക്ഷണം, പുതിയ പദ്ധതിയ്ക്ക് ഇന്ന് തുടക്കം

ശനി, 9 മെയ് 2015 (13:39 IST)
സാധാരണക്കാര്‍ക്ക് കൂടി ഇന്‍ഷുറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി  അടല്‍ പെന്‍ഷന്‍ യോജന, സുരക്ഷാ ബീമാ യോജന, ജീവന്‍ ജ്യോതി ബീമാ യോജന തുടങ്ങിയ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും. മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അടല്‍ പെന്‍ഷന്‍ യോജനയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും.
 
18 വയസ് തികഞ്ഞ ആര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. പദ്ധതിക്കാലയളവില്‍ അംഗങ്ങള്‍ക്ക് പുറമെ നിശ്ചിത തുക കേന്ദ്രസര്‍ക്കാരും നിക്ഷേപിക്കും. അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ തുക നിശ്ചയിക്കുക. ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന അനുസരിച്ച്  അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യമുണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. 
 
18 നും 70 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്‌ക്കേണ്ടത്. പദ്ധതിയുടെ വാര്‍ഷിക പ്രീമിയം  12 രൂപ മാത്രം. മരിക്കുകയോ രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടു ലക്ഷം രൂപ ലഭിക്കും, ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയും ലഭിക്കും. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയിൽ 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. 
 
വാര്‍ഷിക പ്രീമിയം 330 രൂപ. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ. ഓരോ വര്‍ഷവും പദ്ധതി പുതുക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റിലുള്ളതാണ് മൂന്നു പദ്ധതികളും. പദ്ധതികളുടെ ദേശീയ ഉദ്ഘാടനം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും.
 
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരേ സമയം ഉദ്ഘാടനം നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി.സദാശിവം ഉദ്ഘാടനം നിര്‍വ്വഹിക്കും. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അധ്യക്ഷത വഹിക്കും.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക