നിലവിലുള്ള ചരിത്ര പഠനത്ത് മാറ്റിമറിക്കുന്ന തരത്തില്‍ സിന്ധുനദീതട സംസ്കാരത്തിന് പ്രത്യേക ഭാഷ ഉണ്ടായിരുന്നില്ല എന്ന് വീണ്ടും കണ്ടെത്തി. പ്രമുഖ ചരിത്രകാരന്‍ ബി.വി. സുബ്ബരായപ്പയാണ് ഈ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ കണ്ടെത്തല്‍ പുറത്തു വന്നതിനു പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ,ചരിത്രഗവേഷണ കൗണ്‍സില്‍, ദേശീയ സയന്‍സ് അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ ഈ വിഷയം ശാസ്ത്രീയമായി പരിശോധിക്കാനൊരുങ്ങുകയാണ്.
ബിസി 3000-1900 കാലഘട്ടത്തിലാണ് സിന്ധുനദീതടസംസ്‌കാരം നിലനിന്നിരുന്നത്. ഈഭാഗങ്ങള്‍ ഇന്ന് ഇന്ത്യയിലും പാകിസ്താനിലുമാണ്. സംസ്‌കാരത്തിന്റെ ഭാഗമാണെന്നു കരുതുന്ന 4000-ത്തോളം മുദ്രകളുംമറ്റും പുരാവസ്തുഗവേഷകര്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. കൂടുതലും അക്കാലത്തെ കൃഷിരീതികളുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാല്‍ കണ്ടെത്തിയവ ഭാഷാ ലിപികള്‍ അല്ലെന്നാണ് സുബ്ബരായപ്പ പറയുന്നത്.
അക്കാലത്തു കണ്ടെത്തിയ ലിപികള്‍ സംഖ്യാസൂചകങ്ങളാണ്. സിന്ധുനദീതടസംസ്‌കാരത്തിന്റെ അവശേഷിപ്പുകളില്‍ കണ്ടെത്തിയ അക്കങ്ങള്‍, ചിഹ്നങ്ങള്‍, കൗരകൗശലവസ്തുക്കള്‍ എന്നിവയില്‍ നടത്തിയ പഠനം ഇതാണു വ്യക്തമാക്കുന്നതെന്നും സുബ്ബരായപ്പ പറഞ്ഞു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍നിന്നു കണ്ടെത്തിയ അക്കാലത്തെ ധാന്യപ്പുരകളുടെ അവശേഷിപ്പുകളില്‍നിന്നു ലഭിച്ച ലിപികളടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്.
ഈ സംസ്ക്കാരത്തിന്റെ ഭാഗമയി കണ്ടെത്തിയ ലിപികള്‍ വായിച്ചെടുക്കാന്‍ ഭാഷാപണ്ഡിതര്‍ക്ക് പൂര്‍ണമായും സാധിച്ചിരുന്നില്ല. പലരും വ്യത്യസ്തവ്യാഖ്യാനങ്ങളാണിവയ്ക്കു നല്‍കിയിരുന്നത്. ദുരൂഹമായ ലിപിയാണിതെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. ഇതിനിടെയാണ് ഇവ ഭാഷയല്ലെന്നും സംഖ്യാപരമായ സൂചനയാണെന്നുമുള്ള സുബ്ബരായപ്പയുടെ വാദം. 2004-ല്‍ മൂന്ന് അമേരിക്കന്‍ ഗവേഷകരും സമാനമായ കണ്ടെത്തല്‍ നടത്തിയിരുന്നു.