ഏകാധിപതിയായ ഇന്ദിരയുടെ ഭരണം ബ്രീട്ടീഷ് ഭരണത്തേക്കാളും മോശം: ബിഹാർ സർക്കാർ വെബ്സൈറ്റ്
തിങ്കള്‍, 11 ജനുവരി 2016 (11:25 IST)
ഏകാധിപത്യപരമായ ഭരണമാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഉണ്ടായതെന്ന് ബിഹാർ സർക്കാരിന്റെ വെബ്സൈറ്റ്. ഇന്ദിരയുടെ ഭരണം ബ്രീട്ടീഷ് ഭരണത്തേക്കാളും മോശമായിരുന്നു. ജനോപദ്രവകരമായ നയങ്ങളായിരുന്നു അടിയന്തരാവസ്ഥാ കാലത്ത് നടന്നിരുന്നതെന്നുമാണ് ബിഹാർ സർക്കാർ വെബ്സൈറ്റിന്റെ 'ഹിസ്റ്ററി ഓഫ് ബിഹാർ' എന്ന ഭാഗത്ത് വ്യക്തമാക്കുന്നത്.
ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ആളാണ് ജയ്പ്രകാശ് നാരായണൻ (ജെപി) എന്നും ലേഖനത്തിൽ കുറിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മഹാത്മാഗാന്ധി അനുഭവിച്ചതിനേക്കാൾ വലിയ പീഡനമാണ് ജെപി അനുഭവിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ജനങ്ങളിൽ സ്വാധീനം ചെലുത്തുമെന്ന ഭയത്തിലാണ് അടിയന്തരാവസ്ഥ കൊണ്ടുവരാൻ ഇന്ദിരാ നിർബന്ധിതയായത്. തുടർന്ന് ജയ്പ്രകാശ് നാരായണനെ തിഹാർ ജയിലിൽ അടയ്‌ക്കുകയുമായിരുന്നുവെന്നുമാണ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ബിഹാറിന്റെ ചരിത്രം കാണിക്കുന്ന ലേഖനത്തിലാണ് ഈ പരാമർശങ്ങള്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം, ലേഖനത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരിക്കലും സ്വീകരിക്കാനാകുന്നതല്ലെന്ന് കോൺഗ്രസ് നേതാവ് ചന്ദൻ യാദവ് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇതു സംബന്ധിച്ച് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.