തുര്‍ക്കിയിലുള്ള ഇന്ത്യന്‍ കായികതാരങ്ങളെ വിദേശമന്ത്രാലയം ഉടന്‍ തിരിച്ചെത്തിക്കും

ഞായര്‍, 17 ജൂലൈ 2016 (12:05 IST)
സൈനിക അട്ടിമറി ശ്രമത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ കുടുങ്ങിയ ഇന്ത്യന്‍ കായിക താരങ്ങളെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. 148 കായിക താരങ്ങളും 38 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 186 അംഗ സംഘത്തെ മൂന്നു സംഘങ്ങളായാണ് തിരിച്ചെത്തിക്കുക. ആദ്യ രണ്ടു സംഘത്തെ ജൂലൈ 18നും മൂന്നാമത്തെ സംഘത്തെ ജൂലൈ 19നും എത്തിക്കാനാണ് തീരുമാനം. കായിക സംഘത്തിലെ 10 ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും അടക്കം 13 പേര്‍ കേരളത്തില്‍ നിന്നുള്ള താരങ്ങളാണ്.
 
ലോക സ്‌കൂള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ജൂലൈ 11നാണ് 186 അംഗ സംഘം തുര്‍ക്കിയിലെ ട്രാബ്‌സണിലെത്തിയത്. ജൂലൈ 18നാണ് സ്‌കൂള്‍സ് ചാമ്പ്യന്‍ഷിപ്പ് സമാപിക്കുക. ഇതിനിടെയാണ് തുര്‍ക്കിയില്‍ സൈനിക അട്ടിമറി ശ്രമം നടന്നത്. കായിക താരങ്ങള്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനമായ അങ്കാറയില്‍ നിന്ന് 700 കിലോമീറ്ററും സംഘര്‍ഷ ബാധിത പ്രദേശത്ത് നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ട്രാബ്‌സണ്‍.
 
 
 

വെബ്ദുനിയ വായിക്കുക