യുദ്ധത്തിനൊരുങ്ങിയാല്‍ തിരിച്ചടി ഇന്ത്യക്ക്; ആവശ്യത്തിനുള്ള ആയുധം പോലും സൈന്യത്തിനില്ല - ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ശനി, 22 ജൂലൈ 2017 (14:27 IST)
പാകിസ്ഥാനു പിന്നാലെ ചൈനയും ഇന്ത്യക്കെതിരെ തിരിഞ്ഞ സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി). യുദ്ധമുണ്ടായാല്‍ ഇന്ത്യൻ സേനയ്ക്കു ഉപയോഗിക്കാന്‍ ആവശ്യമായ വെടിക്കോപ്പുകളില്ലെന്നും 40 ശതമാനത്തോളം വെടിക്കോപ്പുകളുടെ കുറവാണു സേനയിലുള്ളതെന്ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി ആയുധശേഖരത്തിൽ കാര്യമായ മാറ്റമില്ല. 15-20 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യുദ്ധസാഹചര്യം പോലും നേരിടാനുള്ള കരുത്ത് ഇന്ത്യക്കില്ല. ഇത്രയും ദിവസം കൊണ്ട് ഇന്ത്യയുടെ പക്കലുള്ള ആയുധങ്ങള്‍ തീരും. 2015 മുതൽ ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങളുടെ അപര്യാപ്തതയുണ്ടെന്നും വെള്ളിയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തുദിവസം ശക്തമായി യുദ്ധം ചെയ്യാനുള്ള ആയുധം മാത്രമാണ് നിലവിലുള്ളത്. വെടിത്തിരികൾ ആവശ്യത്തിനില്ലാത്തതിനാൽ ടാങ്കുകൾക്കും ആർട്ടിലറികൾക്കുമുള്ള 83 ശതമാനത്തോളം വെടിക്കോപ്പുകളും ഉപയോഗിക്കാനാകില്ല. ആയുധങ്ങള്‍ വേണമെന്ന മുന്‍ ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനു സേനയിൽനിന്ന് ലഭിച്ച കത്തുകൾ 2009 മുതൽ കെട്ടിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

16,500 കോടി രൂപ ചിലവഴിച്ച് 2019നുള്ളിൽ ആവശ്യമായ ആയുധങ്ങള്‍ വാങ്ങാന്‍ നീക്കം ആരംഭിച്ചുവെങ്കിലും വിഷയത്തില്‍ നടപടിയുണ്ടായില്ല. ഇതിനുള്ള കരാര്‍ നടന്നിട്ടുണ്ടോ എന്നു പോലും അറിയില്ല. സൈന്യം ഉപയോഗിക്കുന്നത് 152 തരം വെടിക്കോപ്പുകളാണ് ഇതില്‍ ഇതിൽ 55 ശതമാനത്തോളം ഉപകരണങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക