പുതുവത്സരാഘോഷങ്ങള്‍ക്ക്‌ ശേഷം സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും ! പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

വെള്ളി, 31 ഡിസം‌ബര്‍ 2021 (14:50 IST)
രാജ്യത്ത് വീണ്ടും ലോക്ക്ഡൗണിന് സാധ്യത. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഇനിയുണ്ടാകില്ല. എന്നാല്‍, ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് പ്രവേശിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തി അതാത് സംസ്ഥാനങ്ങള്‍ക്ക് ലോക്ക്ഡൗണിനെ കുറിച്ച് തീരുമാനിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 
 
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനയാണ് പുതിയ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. 91,361 പേരാണ് ചികിത്സയിലുള്ളത്. 33 ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണവും ഉയരുകയാണ്. രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി ഇതുവരെ 1,270 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 374 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് (450) ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍. ഡല്‍ഹിയില്‍ 320 ഒമിക്രോണ്‍ കേസുകളും കേരളത്തില്‍ 109 ഒമിക്രോണ്‍ കേസുകളുമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍