ഇന്ത്യയ്ക്ക് പുതിയ ഭീഷണി തലപൊക്കി, പേര് ഇദാരത്തുല്‍ -പാകിസ്താന്‍

തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (15:47 IST)
ഇന്ത്യയിലേക്ക് ഭീകരവാദികളെ കയറ്റുമതി ചെയ്ത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ പുതിയ തീവ്രവാദ സംഘടനയ്ക്ക് രൂപം നല്‍കി. ഇദാരത്തുല്‍ -പാകിസ്താന്‍ അഥവാ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് പാകിസ്താന്‍ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ തലവന്‍ പാക് വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്‌നാന്‍ റാഷിദാണ്.

അതിനാല്‍ പുതിയ തീവ്രവാദ സംഘത്തില്‍ സൈന്യത്തിനും ഐ‌എസ്‌ഐക്കും നിര്‍ണ്ണായക സ്വാധീനമുണ്ടാകുമെന്നും മറ്റ് തീവ്രവാദ സംഘടനകളെ ഏകോപിപ്പിക്കുന്നതിലേക്ക് ഇവര തിരിയുമെന്നും കരുതപ്പെടുന്നു. തീര്‍ച്ചയായും ഇത് ഇന്ത്യയേ സംബന്ധിച്ച് പുതിയ തലവേദനയാണ്. ലഷ്‌ക്കര്‍ ഇ തൊയ്ബ, അല്‍ഖൈ്വദ, ജൈഷ് ഇ മൊഹമ്മദ് എന്നിവയെക്കാള്‍ ഭീകരവും പാക്‌ തീവ്രവാദികളുടെയും പട്ടാളത്തിന്റെയും ഒത്തുചേരലിന് അവസരമൊരുക്കുന്നതും ആയിരിക്കും പുതിയ സംഘടന എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

ഇന്ത്യയ്‌ക്കെതിരെയുളള യുദ്ധത്തില്‍ സംഘടനയ്ക്ക് പലതും ചെയ്യാനുണ്ടെന്നാണ് അദ്‌നാന്‍ റാഷിദ് അല്‍ഖൈ്വദയുടെ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ അതിര്‍ത്തിയില്‍ അക്രമത്തിനുളള സാധ്യതകള്‍ ഇതോടെ കൂടൂമെന്ന് വിലയിരുത്തി സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം ഇന്ത്യക്ക് അല്‍ഖ്വയ്ദ് കടുത്ത മുന്നറിയിപ്പുമായി സംഘടനയുടെ മാസിക പുതിയ ലക്കം പുറത്തിറക്കി. 117 പേജുകളുളള മാസികയില്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുകളാണ് ഭൂരിഭാഗവും ഉള്‍ക്കൊളളിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, കാശ്മീര്‍, ബംഗ്ലാദേശ്, ചൈന തുടങ്ങിയവയെക്കുറിച്ചെല്ലാം പരാമര്‍ശങ്ങളുണ്ട്.

ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗര്‍ വര്‍ഗീയകലാപവുമായി ബന്ധപ്പെട്ടും മാസികയില്‍ പരാമര്‍ശമുണ്ട്. നിങ്ങള്‍ അഭയാര്‍ഥികളെപ്പോലെ കഴിയേണ്ടവരല്ലെന്നും പ്രതികരിക്കേണ്ട സമയം അതിക്രമിച്ചതായും ക്യാമ്പില്‍ കഴിയുന്ന മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്നു. കാശ്മീര്‍ വിഷയത്തിലും ഇന്ത്യയ്ക്ക് ശക്തമായ താക്കീതാണ് അല്‍ക്വയ്ദ നല്‍കിയിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക