സിന്ധു നദീജല കരാറില്‍ നിന്നും ഇന്ത്യ പിന്മാറിയാല്‍ രാജ്യാന്തര കോടതിയെ സമീപിക്കും; കരാർ റദ്ദാക്കുന്നത് യുദ്ധ സമാനമായ സാഹചര്യമുണ്ടാക്കും - പാകിസ്ഥാന്‍
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (16:36 IST)
കശ്‌മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ സിന്ധുനദീജല കരാറിൽ നിന്നു പിൻമാറാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ പാകിസ്ഥാൻ. അൻപത്താറു വർഷം പഴക്കമുള്ള നദീജലവിനിയോഗ കരാർ ഇന്ത്യക്ക് റദ്ദാക്കാൻ സാധിക്കില്ല. കരാറിൽനിന്ന് ഇന്ത്യ പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താൽ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞു.
കാർഗിലിലും, സിയാച്ചിനിലും യുദ്ധം നടന്നപ്പോൾ പോലും സിന്ധു നദീജല കരാർ റദ്ദാക്കിയിരുന്നില്ല. കരാർ റദ്ദാക്കുന്നത് യുദ്ധ സമാനമായ സാഹചര്യം ഉണ്ടാക്കും. കരാർ റദ്ദാക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോയാൽ അത് അന്താരാഷ്ട്ര സമാധാനത്തിന്റെ ലംഘനത്തിന് ഇടയാക്കും. ഇതോടെ യു.എൻ സുരക്ഷാ കൗൺസിലിനേയും പാകിസ്ഥാന് സമീപിക്കാനാവുമെന്നും സർതാജ് അസീസ് പറഞ്ഞു.
ഇന്ത്യക്ക് ഏകപക്ഷീയമായി കരാർ റദ്ദാക്കാനാവില്ലെന്ന് അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്നുണ്ട്. ഇന്ത്യയുടെ അത്തരമൊരു നടപടി പാകിസ്ഥാനും പാക് സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഭീഷണിയാകും. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും പാക് പാർലമെന്റായ നാഷണൽ അസംബ്ളിയിൽ സംസാരിക്കവെ അസീസ് പറഞ്ഞു.