ഇന്ത്യ- പാക് ചർച്ച റദ്ദാക്കിയെന്ന് പറഞ്ഞിട്ടില്ല: അജിത് ഡോവൽ
തിങ്കള്‍, 11 ജനുവരി 2016 (10:59 IST)
പത്താന്‍കോട്ട് ഭീകരാക്രമണമുണ്ടായെങ്കിലും നേരത്തെ തീരുമാനിച്ചിരുന്ന ഇന്ത്യ- പാകിസ്ഥാന്‍ ചർച്ചകൾ റദ്ദാക്കിയിട്ടില്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് അജിത് ഡോവൽ. ചർച്ച റദ്ദാക്കിയെന്ന് പറഞ്ഞതായി ദൈനിക് ഭാസ്കർ ഓൺലൈനിൽ വന്ന റിപ്പോർട്ടാണ് ഡോവൽ നിഷേധിച്ചത്.
ഇന്ത്യ-പാക്ക് ചർച്ചയുമായി ബന്ധപ്പെട്ട് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഡോവല്‍ പറഞ്ഞെന്നാണ് ഓൺലൈനിൽ വാര്‍ത്ത വന്നത്. ഈ മാസം 15ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരുടെ ചർച്ച നടക്കാനിരിക്കെയാണ് പുതിയ വിവാദം ഉണ്ടായത്.
തുടര്‍ന്നാണ് ഡോവല്‍ നയം വ്യക്തമാക്കി രംഗത്തെത്തിയത്. എല്ലാ ദിവസവും താൻ പത്രപ്രവർത്തകരുമായി സംസാരിക്കാറുണ്ടെന്നും അത്തരത്തിൽ ഒരു അഭിമുഖം നൽകിയതായി ഓർക്കുന്നില്ലെന്നും ഡോവൽ എഎൻഐയോട് പറഞ്ഞു. അത്തരത്തിൽ ഒരു പ്രസ്താവന താൻ നടത്തി എന്ന റിപ്പോർട്ട് നിഷേധിക്കുന്നുവെന്നും ഡോവൽ വ്യക്തമാക്കി. ജനുവരി 15ന് സെക്രട്ടറിമാരുടെ ചർച്ച നടക്കുമെന്നും പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.