കാശ്‌മീരിലെ വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി

വ്യാഴം, 20 ഓഗസ്റ്റ് 2015 (11:36 IST)
ദേശിയ സുരക്ഷ സംബന്ധിച്ച ഇന്ത്യ-പാക് ചർച്ച നടക്കാനിരിക്കെ വിഘടനവാദി സംഘ‌ടനയായ ഹുറിയത്തിന്റെ നേതാക്കളെ പാകിസ്ഥാൻ ചർച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ കാശ്‌മീരിലെ വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി. ഹുറിയത്ത് നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, സയ്യിദ് അലി ഷാ ഗിലാനി എന്നിവരാണ് വീട്ടുതടങ്കലിലുള്ളത്.

പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായിട്ടാണ് ഹുറിയത്ത് നേതാക്കള്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള അസീസിന്റെ കൂടിക്കാ്‌ഴ്ചയില്‍ മാറ്റമില്ല. ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ തമ്മിലുള്ള ചർച്ചയിൽ ഇന്ത്യയിലെ ഭീകരാക്രമണങ്ങൾക്കു പിന്നിലുള്ള പാക്ക് പങ്കിനെക്കുറിച്ചു കൂടുതൽ തെളിവു നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൃത്യമായ തെളിവുകളുമായി പ്രധാനപ്പെട്ട അഞ്ച് ഭീകരപ്രവർത്തന അനുബന്ധ കാര്യങ്ങളുടെ തെളിവാണ് ഇന്ത്യ കൈമാറാനിരിക്കുന്നത്.

2014ൽ പാക്ക് ഹൈക്കമ്മിഷണർ വിഘടനവാദികളുമായി ചർച്ച നടത്തിയതിനെത്തുടർന്ന് അന്നു ചേരാനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചർച്ച ഇന്ത്യ റദ്ദാക്കിയിരുന്നു. റഷ്യയിലെ ഊഫയില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ -പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടത്താന്‍ ധാരണയായത്.

വെബ്ദുനിയ വായിക്കുക