ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളി റഷ്യതന്നെ: മോഡി

Webdunia
വ്യാഴം, 11 ഡിസം‌ബര്‍ 2014 (16:25 IST)
ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം തുടങ്ങിയ നിര്‍ണായക മേഖകളില്‍  സഹകരണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചര്‍ച്ച. ഇന്ത്യയുടെ എക്കാലത്തേയും മികച്ച പങ്കാളിയായ റഷ്യയ്ക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായി കൂടുതല്‍ വാണിജ്യ പങ്കാളിത്തമാണ് റഷ്യ തേടുന്നത്.

ഇന്ന് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയായി റഷ്യ തുടരുക തന്നെ ചെയ്യും എന്നാണ് ചര്‍ച്ചയ്ക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോഡി പറഞ്ഞത്. ഇന്ത്യ അമേരിക്കയോട് അടുക്കുന്നതില്‍ റഷ്യ ഒട്ടും തന്നെ ആശങ്കപ്പെടേണ്ടതില്ല എന്നാണ് മോഡി പരോക്ഷമായി സൂചിപ്പിച്ചത്.

''കാലം മാറി, എങ്കിലും നമ്മുടെ സൗഹൃദത്തിന് മാറ്റമില്ല.  നമുക്ക് ഈ ബന്ധത്തെ  അടുത്ത തലത്തിലേക്ക് കൊണ്ടുപോകണം.  ഈ സന്ദര്‍ശനം  ആ ദിശയിലേക്കുള്ള ചുവടുവയ്പാണ്."- മോഡി ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രിയാണ്  പുടിന്‍  ഇന്ത്യയിലെത്തിയത്. പുടിനെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെ ധന്യനായി എന്നാണ് മോഡി പിന്നീട് പറഞ്ഞത്.

സന്ദര്‍ശനത്തില്‍ റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ പ്രമുഖ ഇന്ത്യന്‍ കമ്പനിയായ എസ്സാര്‍ ഓയില്‍ ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കരാറൊപ്പിടാന്‍ സാധ്യതയുണ്ട്.  റഷ്യന്‍ പൊതുമേഖലാ സ്ഥാപനമായ റോസ്നെഫ്റ്റില്‍നിന്ന് 10 വര്‍ഷം ക്രൂഡ് വാങ്ങാനാണു പദ്ധതി. ഗുജറാത്തിലും ഇംഗണ്ടിലും എസ്സാറിന് എണ്ണശുദ്ധീകരണശാലകളുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസി വിദേശ് ലമിറ്റഡും ഓയില്‍ ഇന്ത്യയും ആര്‍ക്ടിക് മേഖലയിലും കിഴക്കന്‍ സൈബീരിയയിലും പര്യവേക്ഷണം നടത്താനുള്ള ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നും സൂചനകളുണ്ട്. പതിനാലു വര്‍ഷത്തിനിടെ  ആദ്യമായാണ് ഉന്നതതലത്തില്‍ ചര്‍ച്ച നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ റിപ്പബ്ലിക് ദിനത്തില്‍ അഥിതിയായി എത്തുന്നതിന് മുമ്പെ പുടിന്‍ എത്തുന്നത് നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യമാണുള്ളത്.

ലോകത്തെ വലിയ  എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ  റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. കൂടാതെ റഷ്യയില്‍ വന്‍ വാതകശേഖരവുമുണ്ട്. റഷ്യക്കെതിരായി ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതി, വിശേഷിച്ച് ഭക്ഷ്യവസ്തുക്കളുടേത് ഗണ്യമായി കൂടിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.