12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടി

തിങ്കള്‍, 5 ജനുവരി 2015 (10:56 IST)
ഗുജറാത്ത് തീരത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ട് ഇന്ത്യന്‍ ബോട്ടുകള്‍ പാകിസ്താന്‍ തീരസംരക്ഷണ സേന (എം എസ് എ) പിടികൂടി. രണ്ട് ബോട്ടുകളിലുമായി 12 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്ന് പോര്‍ബന്തറിലെ മത്സ്യത്തൊഴിലാളി സംഘടനകള്‍ അറിയിച്ചു. പാകിസ്താന്‍ തീരസംരക്ഷണസേന പിടികൂടിയ വിവരം മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് സംഘടനാ നേതാക്കളെ അറിയിച്ചത്. ഇക്കാര്യം കോസ്റ്റ് ഗാര്‍ഡ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. 
 
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ പാകിസ്താന്‍ അക്കാര്യം അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.  സമുദ്രാതിര്‍ത്തി കടക്കുന്ന മത്സ്യത്തൊഴിലാളികളെ ഇന്ത്യയുടെയും പാകിസ്താന്റെയും തീരസംരക്ഷണസേന പിടികൂടുന്നത് സ്വാഭാവിക നടപടിയാണെന്ന് അധികൃതര്‍ പറഞ്ഞു.
 
പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തുനിന്ന് ഗുജറാത്ത് തീരത്തെത്തിയ ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തടഞ്ഞതിനേ തുടര്‍ന്ന് കത്തിയമര്‍ന്ന സംഭവം നടന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടിയത്. എന്നാല്‍ പാക് ബോട്ട് കത്തിയമര്‍ന്ന സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം വിഷയത്തില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണോ ബോട്ടുകള്‍ പിടിച്ചെടുത്തതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക