ഇന്ത്യ ഏറ്റവും മികച്ച നിക്ഷേപ സൌഹൃദ രാജ്യമെന്ന് അഭിപ്രായ സർവേ
വ്യാഴം, 15 ഒക്‌ടോബര്‍ 2015 (14:21 IST)
ലോകത്തില്‍ ഏറ്റവും മികച്ച നിക്ഷേപസൌഹൃദ രാജ്യങ്ങളില്‍ ഇന്ത്യയും. ആഗോള നിക്ഷേപകർക്കിടയിൽ പ്രമുഖ ധനകാര്യ സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗ് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. നിക്ഷേപ സമാഹരണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം 17.5 ശതമാനം വളർച്ച ഇന്ത്യയ്ക്ക് കൈവരിക്കാനായെന്നും ഏണസ്റ്റ് ആൻഡ് യംഗ് ചൂണ്ടിക്കാട്ടുന്നു.
തെക്ക് കിഴക്കൻ ഏഷ്യ, ബ്രസീൽ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 505 പ്രമുഖ നിക്ഷേപകർക്കിടയിൽ ഏണസ്റ്റ് ആൻഡ് യംഗ് നടത്തിയ സർവേ പ്രകാരമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്. സർവേയിൽ പങ്കെടുത്ത 32 ശതമാനം പേരും ഭാരതത്തെ അനുകൂലിച്ചപ്പോൾ ചൈനയെ പിന്തുണച്ചത് 15 ശതമാനം പേർ മാത്രം.
സാമ്പത്തിക - വ്യാവസായിക ലോകത്തിന് കേന്ദ്രസർക്കാർ നൽകുന്ന പിന്തുണയും, മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികളുമാണ് നിക്ഷേപകരുടെ പ്രധാന ആകർഷണമെന്നാണ് ഇന്ത്യയെ അനുകൂലിച്ചവര്‍ പറഞ്ഞത്. സാമ്പത്തിക - വ്യാപര മേഖലയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമാണ് ഇന്ത്യയില്‍ നിലനിൽക്കുന്നതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ വിലയിരുത്തുന്നു.