ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തികള്‍ മാറും ഇന്ത്യയ്ക്ക് 500 ഏക്കര്‍ അധികം ലഭിക്കും
വ്യാഴം, 7 മെയ് 2015 (08:25 IST)
ഏറെക്കാലമായി ഇന്ത്യയും ബംഗ്ലാദേശുമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കത്തിന് വിരാമമാക്കിക്കൊണ്ട് അതിര്‍ത്തി പുനര്‍ നിര്‍ണയ കരാര്‍ രാജ്യസഭ ഐക്യകണ്ഠേന പാസാക്കി. 41 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സഹായിക്കുന്ന നടപടിയാണ് രാജ്യസഭയില്‍ ഉണ്ടായിരിക്കുന്നത്. 1974 ലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ നടപ്പിലാക്കാന്‍ സഹായിക്കുന്ന ഭരണഘടനാ ഭേഗഗതിയാണ് ബില്ലിലൂടെ സാധ്യമായത്.
അസം, പശ്ചിമബംഗാള്‍, തൃപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളാണ് ബില്ലിന്റെ പരിധിയില്‍ വരിക. കരാര്‍ നടപ്പിലാകുന്നതോടെ രാജ്യത്തിന്റെ അതിര്‍ത്തി ചുരുങ്ങുമെന്ന ആക്ഷേപം മന്ത്രി നിഷേധിച്ചു. 500 ഏക്കറോളം അതിര്‍ത്തിപ്രദേശം ഇന്ത്യയ്ക്ക് അധികമായി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത് ചരിത്ര നിമിഷമാണെന്നും ബില്ലിനെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചു. കരാര്‍ ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കരാര്‍ നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു. ബില്ല് വ്യാഴാഴ്ച ലോക്‌സഭയുടെ പരിഗണനയ്ക്ക് എത്തും. കരാര്‍ നടപ്പിലാകുന്നതോടെ നുഴഞ്ഞുകയറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.