അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ടെലിവിഷൻ ചാനലായ ജയ ടിവി ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ ഈക്കാട്ടുതങ്ങളിലുള്ള ഓഫിസുകളിലാണ് പത്തു പേരടങ്ങുന്ന സംഘം രാവിലെ ആറു മണി മുതൽ പരിശോധന നടത്തിയത്.
ജയ ടിവി ഓഫീസില്‍ രാവിലെ എത്തിയ സംഘം ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ചു വരുത്തുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു. കടലാസ് കമ്പനികൾ, വ്യാജ നിക്ഷേപങ്ങൾ, കള്ളപ്പണ മൊഴുക്ക് എന്നിങ്ങനെ നിരവധി ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു.
കുറച്ചു ദിവസങ്ങളായി ചാനലിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നീക്കങ്ങൾ നിരീക്ഷിച്ചു വരുകയാണെന്നും ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണിയുടെ ഭാഗമായുള്ള റെയ്ഡാണെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ജയലളിതയുടെ നേതൃത്വത്തിൽ തുടങ്ങിയ ജയ ടിവി ഇപ്പോൾ ശശികലയുടെ കുടുംബം നിയന്ത്രിക്കുന്ന മാവിസ് സിറ്റ്കോം ലിമിറ്റഡ് എന്ന കന്പനിയുടെ കീഴിലാണ്. ശശികലയുടെ മരുമകൻ വിവേക് നാരായണാണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നോക്കി നടത്തുന്നത്.