‘വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടു വരുന്നതില്‍ വിട്ടുവീഴ്ചയില്ല’

Webdunia
ഞായര്‍, 2 നവം‌ബര്‍ 2014 (13:51 IST)
വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടു വരുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കള്ളപ്പണത്തിന്റെ തോത് സര്‍ക്കാരിന് അറിയില്ല. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നടത്തുന്ന റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കി ബാത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.
 
തന്റെ സര്‍ക്കാരിനോ മുന്‍ സര്‍ക്കാരിനോ വിദേശത്തുള്ള കള്ളപ്പണത്തിന്റെ കൃത്യമായ തോത് അറിയില്ല. പക്ഷെ,ഒരു കാര്യത്തില്‍ ഉറപ്പ് നല്‍കാം. ആ കള്ളപ്പണം ഇന്ത്യയിലെ സാധാരണക്കാരുടെ കയ്യിലെത്തും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലാണ്. അധികം വൈകാതെ ഇതില്‍ ഒരു തീരുമാനം ഉണ്ടാകും. ഇക്കാര്യങ്ങള്‍ക്കെല്ലാം ജനങ്ങളുടെ അനുഗ്രഹം വേണമെന്നും മോഡി പറഞ്ഞു. 
 
സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിനെ പറ്റിയും മോദി സംസാരിക്കുകയുണ്ടായി. 'ഇന്ത്യയെ സംരക്ഷിക്കുന്ന സൈനികരെ സല്യൂട്ട് ചെയ്യുന്നു. രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ ഞാന്‍ സിയാച്ചിനില്‍ പോയി സൈനികരെ കണ്ടു. അവരുടെ പ്രവര്‍ത്തനങ്ങള്‍ വലുതാണ്. 
 
ലഹരി ഉപയോഗത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തനിക്കൊരു കത്ത് കിട്ടിയിരുന്നു. നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണിത്. എല്ലാവരും ഒരുമിച്ച് നിന്ന് ലഹരിക്കെതിരെ പോരാടണം. കാര്യങ്ങള്‍ മറച്ചു വയ്ക്കുകയല്ല വേണ്ടത്. കാരണം ഇത് സമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. തുറന്ന് പറഞ്ഞ് പരിഹരിക്കുകയാണ് വേണ്ടത്.- പ്രധാനമന്ത്രി റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞു. 
 
വിശ്വാസവും സമയവും ആവശ്യമാണ്. അതു രണ്ടും തനിക്ക് തരൂ. സകലധനവും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവന്ന് രാഷ്ട്രനിര്‍മാണത്തിനായി ചെലവഴിക്കും. നമ്മള്‍ ശരിയായ പാതയിലാണ്. 
 
എത്രമാത്രം പണം വെളിയിലുണ്ടെന്ന് തനിക്കോ പഴയ സര്‍ക്കാരിനോ ആര്‍ക്കോ അറിയില്ല. എന്നാല്‍ അധികം താമസിക്കാതെ എല്ലാം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ മാത്രമല്ല എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും പ്രവര്‍ത്തനരീതികള്‍ മാറ്റണം. പുരോഗതിക്കും വികസനത്തിനും വേണ്ടിയാണ് നാം പ്രവര്‍ത്തിക്കേണ്ടത്. 
 
കഴിഞ്ഞതവണത്തെ മന്‍ കീ ബാത്തില്‍ താന്‍ എല്ലാവരും ഖാദിയുള്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇന്ന് ഖാദി വില്‍പ്പനയില്‍ 125 ശതമാനം വര്‍ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇത് ഖാദി വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളെയാണ് സംരക്ഷിക്കുന്നതിന് സഹായകരമാകും. അതാണ് യഥാര്‍ഥ വികസനം. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.