ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സിലര്‍ നജ്മ അക്തര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല . പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് നജ്മ അക്തര്‍ പറഞ്ഞു.’വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കല്ല. ജാമിയ മിലിയ സര്‍വകലാശാല മുഴുവനും ഒപ്പം ഉണ്ട്. യാതൊരു തരത്തിലുള്ള ഭയവും വേണ്ടെ’ന്നും വി സി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. സര്‍വകലാശാല ഇറക്കിയ വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പൗരത്വനിയമ ഭേദഗതിക്കെതിരെ ഇന്നലെ വൈകുന്നേരം ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധമാണ് പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രദേശവാസികള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തു . ഇവരാണ് അക്രമം നടത്തിയത്.പത്തോളം വാഹനങ്ങള്‍ക്ക് തീയിട്ടു . അക്രമകാരികള്‍ സര്‍വ്വകലാശാലയില്‍ കടന്നെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അനുവാദം കൂടാതെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കുകയും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.