കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി കൊടുംചൂട് തുടരുന്ന തെലങ്കാനയില്‍ ഇതുവരെ 39 പേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ കൊടുംചൂടില്‍ 35 പേര്‍ മരിച്ചതായാണ് പ്രാഥമികവിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് തെലങ്കാനയില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്, 46.8 ഡിഗ്രി സെല്‍ഷ്യസ്. അതേസമയം നിര്‍ജലീകരണം ബാധിച്ച് ഒട്ടേറെപ്പേര്‍ ആസ്പത്രിയില്‍ ചികിത്സതേടി.
തെലങ്കാനയില്‍ മരിച്ചവരേറെയും കര്‍ഷകരും കൂലിത്തൊഴിലാളികളുമാണ്. തെരുവില്‍ ഭിക്ഷയാചിക്കുന്ന നാലുപേരും മരിച്ചവരില്‍പ്പെടുന്നു. വരുംദിവസങ്ങളില്‍ ചൂട് കൂടുന്നതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പധികൃതര്‍ മുന്നറിയിപ്പുനല്‍കി. തെലങ്കാനയിലെ രാമഗുണ്ടയിലാണ് 46.8 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. കാലാവസ്ഥാവ്യതിയാനവും ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന ഉഷ്ണക്കാറ്റുമാണ് തെലങ്കാനയിലും ആന്ധ്രപ്രദേശിലും ചൂട് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്ര അധികൃതര്‍ പറയുന്നത്. ഒഡിഷയില്‍ 12 പേര്‍ മരിച്ചതായി വാര്‍ത്തയുണ്ട്.