കോംപാക്റ്റ് എസ് യു വി സെഗ്മെന്റിൽ ഹോണ്ട പുറത്തിറക്കുന്ന പുതിയ ചെറു എസ് യു വിയായ ബി ആർ വി മെയ് 5ന് വിപണിയിലെത്തും. ഇന്ത്യൻ സാഹചര്യത്തിൽ ഇതിന്റെ സ്ഥാനം കോംപാക്ട് എസ് യു വി വിഭാഗത്തിലാണെങ്കിലും ‘ബി ആർ വി’യെ ക്രോസോവർ യൂട്ടിലിറ്റി വെഹിക്കിൾ എന്നാണ് ഹോണ്ട വിളിക്കുന്നത്. ഹ്യുണ്ടായ് ‘ക്രേറ്റ’യും ഫോഡ് ‘ഇകോ സ്പോർട്ടും’ റെനോ ‘ഡസ്റ്ററും’ മാരുതി സുസുക്കി ‘എസ് ക്രോസു’മൊക്കെ അരങ്ങു തകര്‍ക്കുന്ന ഇന്ത്യൻ വിപണിയിലേക്കാണു ഹോണ്ട ‘ബി ആർ വി’ എത്തുന്നത്.
എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെയും ചെറുകാറായ ‘ബ്രിയോ’യുടെയും എം പി വിയായ ‘മൊബിലിയൊ’യുടെയുമൊക്കെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാണു ഹോണ്ട ‘ബി ആർ വി’യും എത്തുന്നത്. നിലവിൽ വിപണിയിലുള്ള എസ് യു വികളിൽ നിന്നു വ്യത്യസ്തമായി മൂന്നു നിരകളിലായി ഏഴു സീറ്റുകളുമായിട്ടാണ് ‘ബി ആർ വി’യുടെ വരവ്. കമ്പനി ഇതുവരേയും വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും എട്ടു ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെയാവും ‘ബി ആർ വി’യുടെ വകഭേദങ്ങൾക്കു വിലയെന്നാണു സൂചന.
‘ബോൾഡ് റൗണ്ട് എബൗട്ട് വെഹിക്കിൾ’ എന്നതിന്റെ ചുരുക്കെഴുത്തായ ‘ബി ആർ വി’ക്കു കരുത്തേകുന്നത് 1.5 ലീറ്റർ ഐ വി ടെക് പെട്രോൾ, 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിനുകളാവും. ഇതോടൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും ഗീയർബോക്സ്. കൂടാതെ പെട്രോൾ എൻജിനൊപ്പം ഓപ്ഷനൽ വ്യവസ്തയിൽ സി വി ടി ഗിയർബോക്സും ലഭ്യമാക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്.
രൂപകൽപ്പനയിൽ ഹോണ്ടയുടെ പുതിയ ശൈലി പിന്തുടരുന്ന ‘ബി ആർ വി’യിൽ പ്രൊജക്ടർ യൂണിറ്റും എൽ ഇ ഡി പൊസിഷൻ ലൈറ്റുമുള്ള സ്പോർട്ടി ആംഗുലർ ഹെഡ്ലാംപ്, ആക്രമണോത്സുക മുൻ ബംപർ ഹൗസിങ്, ക്രോം ബെസെൽ സഹിതം വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്, യു ആകൃതിയിലുള്ള ക്രോം സ്ലാറ്റ് സഹിതം ഹോണ്ട ബാഡ്ജ് പതിച്ച മുൻ ഗ്രിൽ എന്നിവയെല്ലാമുണ്ടായിരിക്കും.