മരിച്ച കുഞ്ഞിന്‍റെ പിതാവ് ഗതാഗത നിയമം പാലിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നു: ഹേമമാലിനി
കാറപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ പിതാവ് ഗതാഗത നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാനാകുമായിരുന്നുവെന്ന് ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമമാലിനി. ട്വിറ്ററിലൂടെയാണ് ഹേമമാലിനി അപകടത്തെക്കുറിച്ച് പ്രതികരിച്ചത്.
കുട്ടിയുടെ പിതാവ് ഗതാഗത നിയമങ്ങൾ പാലിച്ചിരുന്നെങ്കിലെന്നു ഞാന്‍ ആശിക്കുകയാണ്. എങ്കിൽ ഈ അപകടം ഒഴിവാക്കാനാകുമായിരുന്നു.കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും സാധിക്കുമായിരുന്നു ഹേമമാലിനി ട്വിറ്ററില്‍ കുറിച്ചു. രാജസ്ഥാനിലെ ദൗസയിൽ വച്ചാണ് അപകടമുണ്ടായത്. ഹേമമാലിനി സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ഒരു കുട്ടി മരിക്കുകയും അഞ്ച് പേർക്കു പരുക്കേൽക്കുകയും ചെയ്തു.
ഹേമമാലിനിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കാണിച്ച ജാഗ്രത തന്‍റെ മകളുടെ കാര്യത്തിലും കാണിച്ചിരുന്നെങ്കില്‍ മകളുടെ മരണം സംഭവിക്കില്ലായിരുന്നുവെന്ന് പിതാവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ഹേമമാലിനിയാണെന്നും ഡ്രൈവർ അല്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി ആരോപണം ഉണ്ടായിരുന്നു.