തമിഴ്‌നാട്ടില്‍ കനത്ത മഴ; മരണം 79ആയി, ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു
വ്യാഴം, 12 നവംബര്‍ 2015 (08:32 IST)
തമിഴ്‌നാട്ടില്‍ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 79 ആയി. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. നിരവധി പേരെ കാണാതാവുകയും നൂറു കണക്കിനാളുകള്‍ക്ക് ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ നാശങ്ങളില്‍ പരുക്കേല്‍ക്കുകയും ചെയ്‌തു. പലയിടത്തും ശക്തമായ മഴ തുടരുകയാണ്. ഏതാനും ദിവസങ്ങള്‍കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന വിവരം.
മഴ കനത്ത നാശം വിതച്ച കൂടല്ലൂരില്‍ 24 പേരാണു മരിച്ചത്. കൂടല്ലൂര്‍, തിരുവണ്ണാമല, ധര്‍മപുരി, കൃഷ്ണഗിരി തുടങ്ങിയ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കൂടല്ലൂരില്‍ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വീടുകളില്‍ കുടുങ്ങിയ നൂറുകണക്കിനാളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയതായി അധികൃതര്‍ പറഞ്ഞു.
മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പല വീടുകളിലും വെള്ളം കയറിയ അവസ്ഥയിലാണ്. ചേരി പ്രദേശങ്ങളിലെ വീടുകള്‍ തകരുകയും ചെയ്‌തു. പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചവരുടെ കുടുംബങ്ങള്‍ക്കു ആശ്വാസമായി അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ദുരന്തബാധിതര്‍ക്കു യുദ്ധകാലാടിസ്ഥാനത്തില്‍ സഹായങ്ങള്‍ എത്തിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.