ഹര്‍ഷവര്‍ധന്‍ തിരുത്തി: 'ലൈംഗിക വിദ്യാഭ്യാസം ആവാം; ആസഭ്യം ആവരുത്'

ശനി, 28 ജൂണ്‍ 2014 (08:39 IST)
സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ തിരുത്തി. സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം  അത്യാവശ്യമാണെന്നും എന്നാല്‍ അത് ഒരു തരത്തിലും സഭ്യേതരമാവരുതെന്നും മന്ത്രി തിരുത്തി. 
 
ഒരു ഡോക്ടര്‍ കൂടിയായ താന്‍ യുക്തിപൂര്‍വ്വമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. ശാസ്ത്രീയവും സാംസ്കാരികമായി അംഗീകരിക്കാവുന്നതുമായ അധ്യാപന ശാസ്ത്രത്തെയും പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നു. 2007ല്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച കൗമാര വിദ്യാഭ്യാസ പദ്ധതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രസ്താവന. പ്രാകൃതവും സംസ്കാര രഹിതവുമായ ചിത്രങ്ങളടങ്ങിയ യുപിഎയുടെ ലൈംഗിക വിദ്യാഭ്യാസ പദ്ധതിയെ അങ്ങനെ വിളിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
 
ലൈംഗിക വിദ്യാഭ്യാസം നിര്‍ത്തലാക്കണമെന്ന് പറഞ്ഞ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ധാര്‍മ്മികതയും അശ്ളീലവും എന്താണെന്ന് തീരുമാനിക്കാന്‍ ഹര്‍ഷ വര്‍ധന്‍ ആരാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. 

വെബ്ദുനിയ വായിക്കുക