ഹരിയാനയില്‍ 73 % പോളിംഗ്, മഹാരാഷ്ട്രയില്‍ 60 %, എക്സിറ്റ് പോളുകള്‍ ബിജെപിക്കൊപ്പം

ബുധന്‍, 15 ഒക്‌ടോബര്‍ 2014 (19:13 IST)
മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഹരിയാനയില്‍ 73 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മന്ദഗതിയില്‍ വോട്ടെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ 60 ശതമാനമാണ് പോളിംഗ്. മഹാരാഷ്ട്രയില്‍ രാവിലെ ഏഴു മണി മുതല്‍ പോളിംഗ് മന്ദഗതിയിലായിരുന്നു. എന്നാല്‍ ഹരിയാനയില്‍ മികച്ച രീതിയിലാണ് പോളിംഗ് പുരോഗമിച്ചത്.

79.4 ശതമാനം രേഖപ്പെടുത്തിയ ഹരിയാനയിലെ സിര്‍സ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ഫരീദാബാദിലാണ് ഏറ്റവും കുറവ് പോളിംഗ് (57.6 ശതമാനം). മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഞായറാഴ്ചയാണ്.

പഞ്ചകോണ മത്സരം നടക്കുന്ന മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളിലേക്ക് 4119 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി, ബിജെപി, ശിവസേന,എംഎന്‍എസ് എന്നിവ തമ്മിലാണ് മത്സരം. സീറ്റു വിഭജന തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യങ്ങള്‍ തകര്‍ന്നിരുന്നു.

ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്ക് 1351 സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്. ഹരിയാനയില്‍ 1.63 കോടി വോട്ടര്‍മാരുണ്ട്. കോണ്‍ഗ്രസ്, ബിജെപി, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എന്നിവയുടെ ത്രികോണ മത്സരമാണ് ഹരിയാനയില്‍ നടക്കുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് എക്ഷിറ്റ് പോള്‍ പ്രവചിക്കുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ തൂക്കു സഭയാകും നിലവില്‍ വരിക എന്നാണ് പ്രവചനം. അതേ സമയം ഹരിയാനയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും പ്രവചനങ്ങളുണ്ട്. ഫലം വരുമ്പോള്‍ പ്രവചനങ്ങള്‍ തെറ്റുകയാണെങ്കില്‍ അത് മോഡിക്ക് വലിയ തിരിച്ചടിയാകും ലഭിക്കു. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടെ താര പ്രചാരകന്‍ മോഡിയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക