അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാന്‍ ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മയ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗീത സംസ്‌കാരത്തിന്റെയും മനുഷ്യത്ത്വത്തിന്റെയും മഹത്തായ ഉറവിടമാണെന്നാണ് അദ്ദേഹം ഇതിനോടനുബന്ധിച്ച് പറഞ്ഞത്.
സംസ്‌കാരത്തിന്റെയും മനുഷ്യ മൂല്യങ്ങളുടെയും പ്രധാന കേന്ദ്രമാണ് ഗീത എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഗീതയിലെ വാക്കുകള്‍ അര്‍ജുനനും ഭഗവാന്‍ കൃഷ്ണനും തമ്മിലുള്ള സംഭാഷണങ്ങള്‍ മാത്രമല്ലെന്നും മറിച്ച് ലോകവ്യാപകമായി ഇതിനെ അറിവിന്റെ മഹത്തായ ഉറവിടമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭഗവത്ഗീതയില്‍ നിന്നുള്ള പ്രത്യേകം ശ്ലോകങ്ങള്‍ വിവിധ ക്ലാസുകളില്‍ ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വിഗദ്ധരുടെ ഒരു കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും ഇത് അടുത്ത വിദ്യാഭ്യാസവര്‍ഷം മുതല്‍ നടപ്പില്‍ വരുത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറയുന്നു.
ഭരണഘടനയുടെ ആത്മാവിന് എതിരാണിതെന്നാണ് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ മന്‍ജിത് സിങ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം വിവിധ പ്രതികൂലസാഹചര്യങ്ങളിലൂടെയാണ് ഇന്ത്യന്‍ സമൂഹം കടന്ന് വന്നതെന്നും നമ്മുടെ ക്ഷമയുടെയും സഹനത്തിന്റെയും ഫലമായി വിവിധ വിഭാഗങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളെ പരിഹരിക്കാനും അതിജീവിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഭൂരിപക്ഷവിഭാഗം ഇത്തരം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഇവിടെ ഫാസിസം വളരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.