വ്യാജനോട്ടുകൾ തിരിച്ചറിയാനുള്ള 'കഴിവ്' സഹകരണ മേഖലയ്ക്കില്ല? - വിചിത്ര വിശദീകരണവുമായി കേന്ദ്രം

വെള്ളി, 2 ഡിസം‌ബര്‍ 2016 (19:22 IST)
നോട്ട് നിരോധന പ്രഖ്യാപനത്തെ തുടർന്നുള്ള നടപടികളിൽ നിന്ന് രാജ്യത്തെ സഹകരണ ബാങ്കുകളെ മാറ്റിനിർത്തിയത് മന:പൂർവ്വമാണെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഹകരണ ബാങ്കുകളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായെന്നായിരുന്നു കേന്ദ്രം നൽകിയ ആദ്യ വിശദീകരണം. 
 
വ്യാജ നോട്ടുകൾ കണ്ടെത്താനുള്ള മാർഗങ്ങൾ സഹകരണ മേഖലയിൽ ഇല്ല. സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ഇവ സംസ്ഥാന സര്‍ക്കാരിന് കീഴിലാണെന്നും കേന്ദ്രം വ്യക്തമാക്കി. ആവശ്യമായ സാങ്കേതിക സൗകര്യങ്ങളുമില്ല എന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു. തീരുമാനം കൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.
 
രാജ്യത്തെ സഹകരണ ബാങ്കുകള്‍ ഗുരുതര പ്രതിസന്ധിയിലാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും കോടതി വ്യക്തമാക്കി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകള്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതും പ്രശ്‌നം പരിഹരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതും.
 
ഇതുസംബന്ധിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ പഴയ നോട്ടുകള്‍ വിനിമയം ചെയ്യാന്‍ പാടില്ലെന്നും നിക്ഷേപമായി സ്വീകരിക്കാന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന തരത്തില്‍ ബിജെപി വ്യാപക പ്രചാരണം നടത്തുകയും റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്കെതിരെ ഉത്തരവിറക്കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക