മുണ്ടെയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്സഭ പിരിഞ്ഞു

ബുധന്‍, 4 ജൂണ്‍ 2014 (11:23 IST)
അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്സഭ വ്യാഴാഴ്ചത്തേക്കു പിരിഞ്ഞു.  ഇതാദ്യമായാണ് ഒരു സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ അന്തരിച്ച നേതാവിന് ആദരാഞ്ചലി അര്‍പ്പിച്ച് പിരിയുന്നത്.

സഭാ നടപടികള്‍ക്ക് പ്രോ ടെം സ്പീക്കര്‍ കമല്‍നാഥ് നേതൃത്വം നല്‍കി. സഭ ചേര്‍ന്ന് ദേശീയ ഗാനത്തിനു ശേഷം അംഗങ്ങള്‍ മുണ്ടെയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് രണ്ടുമിനുട്ട് നിശ്ബ്ദരായി എഴുനേറ്റു നിന്നു. തുടര്‍ന്ന് സഭ അടുത്ത ദിവസം വീണ്ടും ചേരുമെന്ന് പ്രോ ടെം സ്പീക്കര്‍ കമല്‍നാഥ് അറിയിച്ചു.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങള്‍ അടുത്ത രണ്ടു ദിവസങ്ങളിലായി നടത്താനാണ് തീരുമാനം. അംഗങ്ങളുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച ഉച്ചക്കകം പൂര്‍ത്തിയാക്കി ഉച്ചക്കുശേഷം സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയിലാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക