ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കി, അറ്റാഷെയെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ യുഎഇ

വ്യാഴം, 16 ജൂലൈ 2020 (17:29 IST)
സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു.കസ്റ്റംസിന്റെ നിർദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഇപ്പോ‌ൾ യുഎഇയിലുള്ള ഫൈസൽ ഫരീദ് സ്വർണ്ണക്കള്ളക്കടത്തിലെ പ്രധാന കണ്ണികളിലൊരാളാണെന്നാണ് കരുതപ്പെടുന്നത്.യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഇയാൾ കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മര്‍ദ്ദം ചെലുത്താനുമാണ് നടപടി.
 
അതേസമയം കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ രാജ്യം വിട്ട യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെ  ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിനോട് യുഎഇ ഇതുവരെയും പ്രതികരിച്ചിട്ടില്ല.സ്വർണ്ണക്കടത്തുകേസിലെ പ്രതികൾ മൊഴി നൽകിയതിന് പിന്നാലെ അറ്റാഷെയുമായി കൂടിക്കാഴ്‌ച നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെയാണ് അറ്റാഷെ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് യുഎഇയിലേക്ക് പോയത്.
 
ജൂലൈ 5-ന് കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണമടങ്ങിയ കാര്‍ഗോ അറ്റാഷെയുടെ പേരിലാണ് തിരുവനന്തപുരത്തെത്തിയത്.ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മർദ്ദം ചെലുത്തിയിരുന്നു.അറ്റാഷെയും പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് കേന്ദ്രസർക്കാർ യുഎഇയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു ഇതിന് പിന്നാലെയാണ് റാഷിദ് ഖാമിസ് അല്‍ അഷ്മിയ യുഎഇയിലേയ്ക്ക് മടങ്ങിയത്. ഇതിനിടെ പിടിച്ചെടുത്ത ബാഗ് നയതന്ത്ര ബാഗ് അല്ലെന്ന് യുഎഇ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍