ഹരിയാനയില്‍ കന്നുകാലി കച്ചവടക്കാരെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ ഗോ രക്ഷക് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ചാണകം തീറ്റിച്ചതായി റിപ്പോര്‍ട്ട്. റീസ്‌വാന്‍, മുക്ത്യാര്‍ എന്നീ യുവാക്കള്‍ക്കാണ് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നത്. ഇവര്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തതായും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തതായും പൊലീസ് വ്യക്തമാക്കി.
യുവാക്കള്‍ വാഹനത്തില്‍ കന്നുകാലി മാംസം കടത്തിയെന്ന് പറഞ്ഞ് ഈ മാസം പത്തിനാണ് ഇവരെ ഗോ രക്ഷക് ദള്‍ പ്രവര്‍ത്തകര്‍ പിടികൂടിയത്. തുടര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ കൂട്ടിക്കലര്‍ത്തിയ മിശ്രിതം (പഞ്ചഗവ്യം) നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. ഇത് കഴിക്കാന്‍ മടിച്ച യുവാക്കളുടെ വായിലേക്ക് വെള്ളം ഒഴിച്ച ശേഷം പഞ്ചഗവ്യം നിറയ്‌ക്കുകയായിരുന്നു.
മര്‍ദ്ദനവും പീഡനവും സഹിക്കാനാവാതെ യുവാക്കള്‍ പഞ്ചഗവ്യം കഴിക്കുകയും ചെയ്‌തു. ഗോ മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയും ചെയ്‌തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തിയതാണ് വിവരം പുറം ലോകമറിയാന്‍ കാരണമായത്.
വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് പിടിയിലായത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല. ഇവരുടെ വാഹനത്തില്‍ നിന്ന് 300 കിലോ പശു മാംസം കണ്ടെത്തിയതായും ശാസ്‌ത്രീയമായ പരിശോധനയില്‍ ഗോ മാംസം തന്നെയാണെന്ന് വ്യക്തമായെന്നും പൊലീസും പറഞ്ഞു.