ലോവര്‍ ബര്‍ത്ത് തിരഞ്ഞെടുക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ അധിക നിരക്ക് ഈടാക്കും ? പുതിയ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍‌വെ !

ബുധന്‍, 17 ജനുവരി 2018 (15:16 IST)
ലോവര്‍ ബര്‍ത്ത് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ട്രെയിന്‍ യാത്രക്കാരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ റെയില്‍‌വെ തയ്യാറെടുക്കുന്നു. റെയില്‍വേ ബോര്‍ഡ് റിവ്യൂ കമ്മിറ്റിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ഉത്സവകാലത്തെ യാത്രകളില്‍ മാത്രമായിരിക്കും നിരക്ക് വര്‍ധനവ് ബാധകമാകുക. 
 
ഇക്കാര്യവുമായി ബന്ധപ്പെട്ട റെയില്‍വേ നിരക്ക് അവലോകന കമ്മിറ്റിയുടെ ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണുള്ളത്. നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ഉത്സവ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരും.
 
വിമാനയാത്രക്കാര്‍ മുന്‍സീറ്റുകള്‍ക്കായി കൂടുതല്‍ നിരക്ക് നല്‍കേണ്ടതുപോലെ ട്രെയിനില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള താഴെനിലകളിലെ സീറ്റുകള്‍ക്കും കൂടുതല്‍ പണം ഈടാക്കാമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. ഉത്സവ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധനയാകാമെന്നും മറ്റു സീസണുകളില്‍ നിരക്ക് കുറയ്ക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. 
 
ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോറ്റെ കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് ഇഷ്ടമുള്ള സീറ്റ് സ്വന്തമാക്കാന്‍ സാധിക്കും. ട്രെയിനുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതിനും കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍