രാജ്യത്ത് ഒന്നിലധികം ഇന്ധനങ്ങളിലോടാൻ കഴിയുന്ന ഫ്ലെക്‌സ്-ഫ്യൂവൽ വെഹിക്കിളുകൾ നിർബന്ധമാക്കും: നിതിൻ ഗഡ്‌കരി

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (20:26 IST)
വിദേശരാജ്യങ്ങളിൽ നിന്നും ഉയർന്ന വിലയുള്ള ക്രൂഡോയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി രാജ്യത്ത് ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിന്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
 
ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്‌ളെക്‌സ്-ഫ്യുവല്‍ വെഹിക്കിള്‍ എന്ന് അറിയപ്പെടുന്നത്. ഒരു ഇന്ധനത്തിൽ മാത്രം പ്രവർത്തിക്കുന്ന വാഹനങ്ങളാണ് ഇന്ത്യയിലുള്ളത്. എന്നാല്‍, ഭാവിയില്‍ ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും നിര്‍മിക്കാന്‍ വാഹന കമ്പനികള്‍ക്ക് നിര്‍ദേശം നൽകാനാണ് തീരുമാനം.
 
ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. എഥനോള്‍ അധിഷ്ഠിതമായ ഇന്ധനം അവതരിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. എഥനോൾ ലിറ്ററിന് 62.65 രൂപയാണ് വില. ഫ്ലെക്‌സ് ഫ്ലൂയിഡ് വാഹനങ്ങൾ വരുന്നതൊടെ എഥനോൾ ഇന്ധനമായി ഉപയോഗിക്കാൻ ഉപഭോക്താക്കൾക്കാവും. ഇത് ഇന്ധനചിലവിൽ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്.
 
എഥനോളിന് മറ്റ് ഇന്ധന‌ങ്ങളേക്കാൾ മലീനികരണം കുറവാണെന്നതും ആകർഷകമാണ്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ സജീവമാണ്. ഇത് ഇന്ത്യയില്‍ എത്തുന്നതോടെ പെട്രോളും എഥനോളും ഉപയോഗിച്ച് വാഹനം ഓടിക്കാൻ കഴിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍