സാമ്രാജ്യം കെട്ടിപ്പെടുത്തി രാംദേവ്; മഹാരാഷ്ട്രയില്‍ 547ഏക്കര്‍ പതഞ്ജലിക്ക് സര്‍ക്കാര്‍ നല്കും

ബുധന്‍, 24 ഫെബ്രുവരി 2016 (14:35 IST)
ബിജെപി സഹയാത്രികന്‍ യോഗാ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി കമ്പനിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 547 ഏക്കര്‍ ഭൂമി നല്‍കുന്നു. ഓറഞ്ച് സംസ്‌കരണ ശാലയും മിഹാനിയില്‍ ആയുര്‍വേദ ഉല്‍പ്പന്ന നിര്‍മ്മാണ ശാലയും തുടങ്ങാനാണ് ഭൂമി നല്‍കുന്നത്. വിദർഭയിലെ മിഹാൻ, അമരാവതി, കതോൽ, ഗാദ്ചിരോലി എന്നിവിടങ്ങളിലാണ്.
 
മിഹാനിൽ നിർമിക്കുന്ന പതഞ്‌ജലിയിൽ ഭക്ഷണപദ്ധതി രൂപീകരിക്കുന്നതിനായി 347 ഏക്കർ ഭൂമി മഹാരാഷ്ട്ര സർക്കാർ നൽകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രിയും നാഗ്പുര്‍ എംപിയുമായ നിതിന്‍ ഗഡ്കരി പറഞ്ഞു. 108 ഏക്കർ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കും 239 ഏക്കർ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും. ഇതുവഴി 10000 പേർക്ക് തൊഴിലവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
കതൊലിൽ നിർമിക്കുന്ന ഓറഞ്ച് സംസ്‌കരണശാലയ്‌ക്ക്  200 ഏക്കര്‍ ഭൂമി നല്‍കുന്നതിനൊപ്പം അമരാവതിയിലെ ഭക്ഷണ മേഖലക്കുവേണ്ടിയും ഭൂമി ലഭ്യമാക്കും. സെന്റ് തുക്ടോജി മഹാരാജാസ് സ്മാരകം സ്ഥിതിചെയ്യുന്ന മൊസാരിയിൽ ബൈപാസ് നിർമിക്കു‌വാന്‍ ആലോചനയുണ്ട്. ഗ്രാമത്തിൽ സിമന്റ് പാത നിർമ്മിക്കുമെന്നും ഗഡ്കരി അറിയിച്ചു.
 
15,500 കിമീ കൂട്ടിച്ചേർത്തു കൊണ്ട് രാജ്യത്തെ ദേശീയപാത നെറ്റ്‌വർക്ക് വിപുലീകരിക്കും. മഹാരഷ്ട്രയിലെ  ദേശീയപാതയുടെ വ്യാപ്തി 22,500 ആയി വികസിപ്പിക്കും. ദേശീയ പാത വിപുലീകരിക്കുന്നതിനായി മന്തിസഭ പണം മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ മൂലധനമൊരു പ്രശനമല്ലെന്നും ഗഡ്കരി അറിയിച്ചു. 
 
മാഗിക്ക് നിരോധനമേര്‍പ്പെടുത്തിയ നാളില്‍ നൂഡില്‍സുമായാണ് രാംദേവ് ആദ്യമായി രംഗത്ത് എത്തിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ ടിവി പരസ്യങ്ങള്‍ നല്‍കുന്ന കമ്പനികളിലൊന്നാണ് പതഞ്ജലി. യോഗ ഗുരു മാത്രമായിരുന്ന രാംദേവ് ബിസ്‌കറ്റുകള്‍, നൂഡില്‍സ്, തേന്‍, ബട്ടര്‍ എന്നിവയ്‌ക്കെല്ലാം പുറമെ സൗന്ദര്യ വര്‍ദ്ധ വസ്തുക്കളും വിറ്റഴിക്കുന്ന കമ്പനിയുടെ ഉടമയായി മാറിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക