25,000 കര്‍ഷകര്‍ സ്വാതന്ത്ര്യദിനത്തില്‍ ആത്മഹത്യചെയ്യാന്‍ രാഷ്‌ട്രപതിയുടെ അനുമതി തേടി...!

തിങ്കള്‍, 10 ഓഗസ്റ്റ് 2015 (11:44 IST)
ഗോകുല്‍ അണക്കെട്ട്‌ നിര്‍മ്മാണത്തെ തുടര്‍ന്ന്‌ തങ്ങള്‍ക്ക് നഷ്ടപ്പെട്ട കൃഷിഭൂമിക്ക് തുല്യമായ നഷ്ടപരിഹാരം ലഭിക്കാത്തതില്‍ മനം നൊന്ത് മഥുരയില്‍ നിന്നുളള 25,000 കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജിയുടെ അനുമതി തേടി. സ്വാതന്ത്ര്യദിനത്തില്‍ ആത്മഹത്യ ചെയ്യാന്‍ അനുമതി തേടി ഇവര്‍ രാഷ്ട്രപതിക്ക് കത്തെഴുതിയിരിക്കുകയാണ്.

സര്‍ക്കാരില്‍ നിന്നുള്ള നഷ്‌ടപരിഹാരത്തുകയ്‌ക്ക് വേണ്ടി 17 വര്‍ഷം നീണ്ട നിയമപ്പോരാട്ടമായിരുന്നു ഇവര്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്രയും കാലം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെയാണ് ആത്മഹത്യ സമരം നടത്താന്‍ കര്‍ഷകര്‍ തയ്യാറെടുത്തിരിക്കുന്നത്.

ഗോകുല്‍ അണക്കെട്ട്‌ നിര്‍മ്മാണത്തെ തുടര്‍ന്ന്‌ 700 ഏക്കര്‍ കാര്‍ഷികഭൂമി വെളളത്തിനടിയിലായതിനെതുടര്‍ന്നാണ്‌ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്‌. 1998 മുതല്‍ 11 ഗ്രാമങ്ങളിലെ കര്‍ഷകരാണ്‌ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. 700 ഏക്കര്‍ കൃഷിഭൂമിക്ക്‌ 25,000 കര്‍ഷകര്‍ക്ക്‌ ഏകദേശം 800 കോടി രൂപയോളം നഷ്‌ടപരിഹാരം നല്‍കേണ്ടതുണ്ട്‌.

ഭാരതീയ കിസാന്‍ സംഘിന്റെ നേതൃത്വത്തിലാണ്‌ പ്രക്ഷോഭം നടക്കുന്നത്‌. ശനിയാഴ്‌ചയാണ്‌ കര്‍ഷകര്‍ കൂട്ട ആത്മഹത്യക്ക്‌ അനുവാദം ചോദിച്ച്‌ രാഷ്‌ട്രപതിക്ക്‌ കത്തെഴുതിയത്‌. വ്യാപം കേസിലെ 70 കുറ്റാരോപിതരും കഴിഞ്ഞ ദിവസം ആത്മഹത്യക്ക്‌ അനുവാദം ചോദിച്ച്‌ രാഷ്‌ട്രപതിക്ക്‌ കത്തെഴുതിയിരുന്നു.

വെബ്ദുനിയ വായിക്കുക