കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഫഡ്നാവിസ്; കര്‍ഷക മാര്‍ച്ച് അവസാനിച്ചു

തിങ്കള്‍, 12 മാര്‍ച്ച് 2018 (18:29 IST)
രാജ്യം കണ്ടതില്‍ ഏറ്റവും വലിയ കാര്‍ഷിക മാര്‍ച്ച് അവസാനിച്ചു. കര്‍ഷകരുടെ മിക്ക ആവശ്യങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കിയതായാണ് വിവരം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കര്‍ഷകരുമായി ചര്‍ച്ച നടത്തി.
 
വനാവകാശനിയമം നടപ്പിലാക്കല്‍, കടാശ്വാസം തുടങ്ങിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കര്‍ഷകരെ പ്രതിനിധീകരിച്ച് എട്ടുപേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
 
അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്തും ഇത്രയും ഗംഭീരമായ ഒരു മാര്‍ച്ച് സംഘടിപ്പിക്കാനായത് ദേശീയതലത്തില്‍ വലിയ ശ്രദ്ധയാണ് നേടിയത്.
 
നാസിക്കില്‍ നിന്ന് മാര്‍ച്ച് ഏഴിനാണ് കര്‍ഷകമാര്‍ച്ച് തുടങ്ങിയത്. മുംബൈ വരെ 182 കിലോമീറ്ററാണ് കര്‍ഷകര്‍ നടന്നുതീര്‍ത്തത്. ദിവസം 35 കിലോമീറ്റര്‍ എന്ന രീതിയിലായിരുന്നു മാര്‍ച്ച്. സ്ത്രീകളും പ്രായമായവരുമെല്ലാം ആവേശത്തോടെ മാര്‍ച്ചില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍