Exclusive: സിനിമാ രംഗത്തുനിന്ന് സ്ഥാനാര്‍ഥികളെ തേടാന്‍ കോണ്‍ഗ്രസ്

രേണുക വേണു

വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (11:34 IST)
Exclusive: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാരംഗത്തുനിന്ന് സ്ഥാനാര്‍ഥികളെ ഇറക്കാന്‍ കോണ്‍ഗ്രസ്. ഇതിനായി ചില താരങ്ങളെ കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടു തുടങ്ങി. രമേഷ് പിഷാരടിയാണ് പരിഗണന പട്ടികയില്‍ ഒന്നാമത്. 
 
ജയസാധ്യതയുള്ള സീറ്റില്‍ പിഷാരടിയെ മത്സരിപ്പിക്കാനാണ് തീരുമാനം. എറണാകുളം കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ പിഷാരടിക്ക് കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് തൃപ്പൂണിത്തുറ. നിലവില്‍ കെ.ബാബുവാണ് എംഎല്‍എ. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാബു മത്സരിക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കില്‍ പകരക്കാരനായി രമേഷ് പിഷാരടി എത്തും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിഷാരടിക്കും താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പിഷാരടിക്ക് സ്വാധീനമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഷാഫി പറമ്പില്‍ എംപി എന്നിവരുമായി രമേഷ് പിഷാരടിക്ക് അടുത്ത സൗഹൃദമുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കും രമേശ് പിഷാരടി മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. പിഷാരടി തൃപ്പൂണിത്തുറയില്‍ മത്സരിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.സ്വരാജ് തന്നെ എത്തിയേക്കും. 
 
ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടിയോടു കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടിലാണ് ധര്‍മജന്‍. കോണ്‍ഗ്രസ് അനുഭാവിയായ നടന്‍ ജഗദീഷിനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോടു താല്‍പര്യക്കുറവുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍