ഷാപ്പ് തുറന്നുവച്ചിട്ട് കള്ളെന്ന് പറഞ്ഞ് എന്തെങ്കിലും കലക്കിക്കൊടുക്കുകയല്ല വേണ്ടത്: പിണറായി

ശനി, 17 ഫെബ്രുവരി 2018 (16:17 IST)
ഷാപ്പ് തുറന്നുവച്ചിട്ട് കള്ളെന്ന് പറഞ്ഞ് എന്തെങ്കിലും കലക്കിക്കൊടുക്കുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ കള്ളിനെയും വ്യാജ ചെത്തുതൊഴിലാളികളെയും അംഗീകരിക്കില്ലെന്നും പിണറായി വ്യക്തമാക്കി.
 
കോഴിക്കോട്ട് കള്ള് വ്യവസായ തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
 
കള്ളുണ്ടോ, തൊഴിലാളിയുണ്ടോ എന്നൊക്കെ നോക്കിയതിന് ശേഷമാണ് ഷാപ്പ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ വെറുതെ എന്തെങ്കിലും കലക്കിക്കൊടുക്കുന്നത് അനുവദിക്കില്ല. ഈ മേഖലയിലെ തന്നെ ചിലരാണ് കള്ള് വ്യവസായത്തിന്‍റെ അപചയത്തിന് കാരണമെന്നും പിണറായി കുറ്റപ്പെടുത്തി.
 
പ്രവര്‍ത്തിക്കാനാകും എന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ കള്ള് ഷാപ്പ് തുറന്നാല്‍ മതി. അല്ലാത്തയിടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട എന്നുതന്നെ തീരുമാനിക്കണം. കള്ളുഷാപ്പിലൂടെ ചാരായ വില്‍പ്പന നടത്തിയവരുണ്ട്. കള്ളിനെ അനാരോഗ്യകരമാക്കി തീര്‍ത്തതില്‍ ചില മുതലാളിമാര്‍ക്കും തൊഴിലാളികള്‍ക്കും പങ്കുണ്ട് - പിണറായി വ്യക്തമാക്കി.
 
ഈ സര്‍ക്കാരിന്‍റെ മദ്യനയം ശാസ്ത്രീയമായ രീതിയിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ മദ്യനയം തുടരാനാണ് തീരുമാനമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍