ത്രീ സ്റ്റാറിൽ തുടങ്ങി ഇനി ബാർ ലൈസൻസ്; മുന്തിയ ബാറുകളില്‍ കള്ളും - സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു
വ്യാഴം, 8 ജൂണ്‍ 2017 (19:40 IST)
എല്‍ഡിഎഫിന്റെ മദ്യനയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും അതിന് മുകളിലുള്ളവയ്ക്കും ബാര്‍ ലൈസന്‍സ് നല്‍കും. കേരളത്തിൽ സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മദ്യവർജനമാണ് ഇടതുമുന്നണിയുടെ നയമെന്നും വ്യക്തമാക്കി.
പുതിയ മദ്യനയം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരും.
യുഡിഎഫ് മദ്യനയംമൂലം ലഹരി ഉപയോഗം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്തു കൂടുതൽ ലഹരിവിമോചന കേന്ദ്രങ്ങൾ തുറക്കും. ബാറുകൾ അടച്ചിട്ടതു മൂലം 40,000 തൊഴിലാളികൾ ദുരിതത്തിലാണ്. കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ മുതലുള്ളവയ്ക്ക് കള്ള് വില്‍പന നടത്താന്‍ അനുമതി നല്‍കുമെന്നും പിണറായി വ്യക്തമാക്കി.
പുതിയ മദ്യനയപ്രകാരം ബാറുകളുടെ പ്രവര്‍ത്തന സമയം പന്ത്രണ്ടര മണിക്കൂറില്‍ നിന്ന് 12 മണിക്കൂറാക്കി ചുരുക്കി. രാവിലെ 11 മുതല്‍ രാത്രി 11 മണിവരെയാകും ഇനി ബാറുകള്‍ പ്രവര്‍ത്തിക്കുക. എഫ്എൽ 3, എഫ്എൽ 2 ലൈസൻസുള്ളവർക്ക് പ്രത്യേക സന്ദർഭങ്ങളിൽ പ്രത്യേക ഫീസ് ഈടാക്കി ലൈസൻസ് നൽകും. ബാൻക്വിറ്റ് ഹാളിൽ മദ്യം വിളമ്പാൻ അനുവാദം നൽകും.
വിദേശചട്ടം അനുസരിച്ച് നൽകുന്ന ബീയർ വൈൻ പാർലറുകൾ ഉൾപ്പെടുന്ന മറ്റ് ലൈസൻസുകൾ നിയമമനുസരിച്ച് യോഗ്യതയുള്ളവർക്ക് നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്ററിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ മദ്യവിൽപന ശാലകളും അവ സ്ഥിതി ചെയ്യുന്ന താലൂക്കുകളിൽ മാറ്റി സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.