പാരിസ്ഥിതിക അനുമതിക്കായി കെട്ടികിടക്കുന്ന 80,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് രണ്ട് ദിവസത്തിനകം അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പരിസ്ഥിതി അനുമതിയുടെ പേരില്‍ പദ്ധതികള്‍ മുടങ്ങരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ശന നിര‍്ദ്ദേശം നല്‍കി. പരിസ്ഥിതി പ്രശ്നങ്ങള്‍ പരിശോധിച്ച് മാത്രമെ അനുമതി നല്‍കൂവെന്ന് ഇതേ കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ മറുപടി നല്‍കി.
സെയില്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് എസെല്‍ മൈനിംഗ് തുടങ്ങി രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനം എടുക്കാനാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നീക്കം. ഇതില്‍ 80,000 കോടി രൂപയുടെ 28 പദ്ധതികള്‍ക്ക് രണ്ട് ദിവസത്തിനകം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.
പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപപരിധി 100 ശതമാനമാക്കി കൂട്ടാനും നടപടി തുടങ്ങി. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി 100 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വാണിജ്യമന്ത്രാലയം ഇതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞതായാണ് സൂചന. 26 ശതമാനത്തില്‍ നിന്നാണ് വിദേശനിക്ഷേപ പരിധി 100 ശതമാനമാക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വാണിജ്യമന്ത്രിയായിരുന്ന ആനന്ദ് ശര്‍മ്മ എടുത്ത ഈ തീരുമാനം പ്രതിരോധ മന്ത്രി എകെ ആന്‍റണി ഇടപെട്ട് തടഞ്ഞതായിരുന്നു.
ഇതിനുപുറമെ റെയില്‍വേയില്‍ വിദേശനിക്ഷേപം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. റെയില്‍വേയുടെ വിവിധ പദ്ധതികളില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകമെന്നാണ് സൂചന. മന്ത്രിമാര്‍ പഴയ ശൈലിമാറ്റി പുതിയ രീതികള്‍ അവലംബിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉപദേശം നല്‍കിയിട്ടുണ്ട്.