പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയതോടെ തമിഴ്‌നാട്ടില്‍ കള്ളപ്പണം ഒഴുക്കുന്നു; നടൻ ശരത് കുമാറിന്റെ കാറിൽ നിന്ന് ഒമ്പത് ലക്ഷം പിടികൂടി

ശനി, 7 മെയ് 2016 (20:24 IST)
നടനും സമത്വ മക്കള്‍ കച്ചി നേതാവുമായ ശരത് കുമാറിന്റെ വാഹനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡ് ഒന്‍പത് ലക്ഷം രൂപ പിടിച്ചു. ശനിയാഴ്ച രാവിലെ തൂത്തുക്കുടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.

നല്ലൂർ വിളക്കിൽ നിന്ന് തിരിച്ചെന്തൂരിലേക്ക് പോവുകയായിരുന്നു ശരത് കുമാർ. പണത്തിന്റെ ഉറവിടം കാണിക്കാൻ കഴിയാതെ വന്നതോടെ തഹസിൽദാർ കസ്‌റ്റഡിയിലെടുത്ത് ട്രഷറിക്ക് കൈമാറി. അതേസമയം പണം പിടിച്ചെടുത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ ശരത് കുമാര്‍ തയ്യാറായില്ല. താന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ജയലളിതയുടെ അണ്ണാ ഡിഎംകെ മുന്നണിയിൽ മത്സരിക്കുന്ന ശരത് കുമാർ തന്റെ പാർട്ടിയായ സമത്വ മക്കൾ കക്ഷിയുടെ ഏക സ്ഥാനാർഥിയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജേഷ് ലഖോനിയുടെ പ്രതികരണവും ലഭ്യമായിട്ടില്ല. തൂത്തുക്കുടിയിലെ തിരുച്ചെണ്ടൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ശരത് കുമാര്‍.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പലയിടങ്ങളിൽ നിന്നായി 80 കോടി രൂപയാണ് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്. എന്നാലിതാദ്യമായാണ് പ്രമുഖ രാഷ്ട്രീയ നേതാവ് രേഖകളില്ലാത്ത പണവുമായി പിടിയിലാവുന്നത്.

വെബ്ദുനിയ വായിക്കുക