“നിസ്‌കാരമെന്നാല്‍ യോഗയാണ് ”; മഹാരാഷ്ട്ര ന്യൂനപക്ഷ മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ബുധന്‍, 10 ജൂണ്‍ 2015 (13:22 IST)
മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി ഏകനാഥ് കഥാസെയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്ത്. യോഗയും മുസ്ലിം മതവിശ്വാസികളുടെ നിസ്കാരവും ഒന്നാണെന്നാണ് ഏകനാഥ് കഥാസെ വ്യക്തമാക്കിയത്. സംഭവത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യവും മതവികാരത്തെ വൃണപ്പെടുത്തുന്നതുമാണെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. 
 
നരേന്ദ്ര മോദി സര്‍ക്കാരും ബിജെപിയും ഇന്ത്യയെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണ്. യോഗ എന്നത് ശാസ്ത്ര ശാഖയാണെന്നും അത് മതങ്ങളില്‍ അധിഷ്ഠിതമല്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. വിവിധ മുസ്‌ലിം സംഘടനകളും നേതാക്കളും മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ തിരിയുകയും ചെയ്തു. 
 
നിസ്കാരമെന്നാല്‍ യോഗതന്നെയാണ്. യോഗയില്‍ ചെയ്യുന്നതെല്ലാം നിസ്കാരത്തിലും ചെയ്യുന്നു. അതിനാല്‍ തന്നെ യോഗയെ നിസ്കാരം എന്നു വിളിക്കാം. എന്നാല്‍, യോഗ ചെയ്യാന്‍ ഞങ്ങള്‍ ആരേയും നിര്‍ബന്ധിക്കില്ല. ഇത് വ്യക്തി സ്വാതന്ത്യ്രത്തില്‍ പെട്ട കാര്യമാണെന്നും തോന്നുന്നവര്‍ക്ക് ചെയ്യാമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
 

വെബ്ദുനിയ വായിക്കുക