പളനിസാമി തമിഴ്നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി; ഒപിഎസിന്റെ വീടിന്റെ സുരക്ഷ പിന്‍വലിക്കും

വ്യാഴം, 16 ഫെബ്രുവരി 2017 (18:45 IST)
തമിഴ്നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്‌ഭവനില്‍ വൈകുന്നേരം നാലരയോടെ ഗവര്‍ണര്‍ സി വിദ്യാസഗര്‍ റാവുവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പളനിസാമിക്കൊപ്പം 30 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 30 അംഗ മന്ത്രിസഭയില്‍ സെങ്കോട്ടൈന്‍ മാത്രമാണ് പുതിയ അംഗം.
 
കഴിഞ്ഞ 10 മാസത്തിനുള്ളില്‍ അധികാരത്തില്‍ വരുന്ന മൂന്നാമത്തെ മന്ത്രിസഭയാണ് ഇത്. മെയ് മാസത്തില്‍ തെരഞ്ഞെടുപ്പില്‍ എ ഡി എം കെ വിജയിച്ചപ്പോള്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് അധികാരത്തിലെത്തിയത്. ജയലളിത മരിച്ചതിനെ തുടര്‍ന്ന് ഒ പനീര്‍സെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒ പനീര്‍സെല്‍വം രാജി വെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദസംഭവങ്ങള്‍ക്ക് ഒടുവിലാണ് ഇപ്പോള്‍ എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
 
അതേസമയം, പുതിയ മുഖ്യമന്ത്രി അധികാരത്തില്‍ വന്നതോടെ കാവല്‍ മുഖ്യമന്ത്രി ആയിരുന്ന ഒ പനീര്‍ സെല്‍വത്തിന്റെ ഭവനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചു. കൂടാതെ, കാറിലെ മുഖ്യമന്ത്രിയുടെ എംബ്ലവും ബീക്കണും മാറ്റി.

വെബ്ദുനിയ വായിക്കുക