പ്രതിപക്ഷത്തെ പുറത്താക്കി വിശ്വാസവോട്ടെടുപ്പില്‍ വിജയം; 122 എംഎല്‍എമാരുടെ പിന്തുണ ഇ പി എസിന്

ശനി, 18 ഫെബ്രുവരി 2017 (15:33 IST)
പ്രതിപക്ഷത്തെ മുഴുവനായി നിയമസഭയ്ക്ക് പുറത്താക്കിയതിനു ശേഷം നടത്തിയ വിശ്വാസവോട്ടെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് വിജയം. 122 എം എല്‍ എമാരുടെ പിന്തുണയാണ് ഇ പളനിസാമിക്ക് ലഭിച്ചത്. ഒ പി എസ് പക്ഷക്കാരായ 11 പേര്‍ ഇ പളനിസാമിയെ എതിര്‍ത്തു.
 
ഡി എം കെ നേതാവും പ്രതിപക്ഷനേതാവുമായ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ പുറത്താക്കിയാണ് വിശ്വാസവോട്ടെടുപ്പ് നടത്തിയത്. പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഡി എം കെ, കോണ്‍ഗ്രസ്, അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.,
 
പ്രക്ഷുബ്‌ധമായ അന്തരീക്ഷത്തില്‍ ആയിരുന്നു ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് ആദ്യം വാച്ച് ആന്‍ഡ് വാര്‍ഡും പിന്നീട് പൊലീസും എത്തി പ്രതിപക്ഷ എം എല്‍ എമാരെ സഭയില്‍ നിന്ന് മാറ്റുകയായിരുന്നു.
 
രാവിലെ, നിയമസഭ ചേര്‍ന്നപ്പോള്‍ ഓരോ കക്ഷിനേതാക്കള്‍ക്കും സംസാരിക്കാന്‍ സമയം അനുവദിച്ചു. ഒ പി എസ് പക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിച്ച സെമ്മലൈ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച ഡി എം കെ നേതാവ് സ്റ്റാലിനും ഇതേ ആവശ്യം ഉന്നയിച്ചു. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇതിനെ പിന്തുണച്ചു.
 
ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ചസമയം ഗവര്‍ണര്‍ അനുവദിച്ചിട്ടും എന്തിനാണ് ഇത്ര ധൃതി പിടിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്ന് ഡി എം കെ നേതാവ് സ്റ്റാലിന്‍ ചോദിച്ചു. എം എല്‍ എമാര്‍ സ്വതന്ത്രരായതിനു ശേഷം വേറൊരു ദിവസം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല.
 
മൂന്ന് എം എല്‍ എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. അനാരോഗ്യം കാരണം കരുണാനിധി സഭയിലെത്തിയില്ല. വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് കോവൈ എം എല്‍ എ അരുണ്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. പളനിസാമിക്ക് വോട്ട് ചെയ്യില്ലെന്ന് കാങ്കയം എം എല്‍ എ തനിയരശും വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക