എം എല്‍ എമാര്‍ ആദ്യം മണ്ഡലങ്ങളില്‍ പോകട്ടെ; എന്നിട്ടു മതി വിശ്വാസ വോട്ടെടുപ്പെന്ന് ഒ പി എസ്

ശനി, 18 ഫെബ്രുവരി 2017 (11:46 IST)
എം എല്‍ എമാര്‍ അവരുടെ നിയമസഭ മണ്ഡലങ്ങളില്‍ പോയി അഭിപ്രായം അറിഞ്ഞു വന്നതിനു ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിയമസഭയില്‍ സംസാരിച്ച് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ആവശ്യപ്പെട്ടു.
 
നിയമസഭ ചേര്‍ന്നപ്പോള്‍ ഓരോ കക്ഷിനേതാക്കള്‍ക്കും സംസാരിക്കാന്‍ സമയം അനുവദിച്ചു. ഒ പി എസ് പക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിച്ച സെമ്മലൈ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച ഡി എം കെ നേതാവ് സ്റ്റാലിനും ഇതേ ആവശ്യം ഉന്നയിച്ചു. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇതിനെ പിന്തുണച്ചു.
 
ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ചസമയം ഗവര്‍ണര്‍ അനുവദിച്ചിട്ടും എന്തിനാണ് ഇത്ര ധൃതി പിടിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്ന് ഡി എം കെ നേതാവ് സ്റ്റാലിന്‍ ചോദിച്ചു. എം എല്‍ എമാര്‍ സ്വതന്ത്രരായതിനു ശേഷം വേറൊരു ദിവസം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല.
 
മൂന്ന് എം എല്‍ എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. അനാരോഗ്യം കാരണം കരുണാനിധി സഭയിലെത്തിയില്ല. വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് കോവൈ എം എല്‍ എ അരുണ്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. പളനിസാമിക്ക് വോട്ട് ചെയ്യില്ലെന്ന് കാങ്കയം എം എല്‍ എ തനിയരശും വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക