ഗുജറാത്തില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി
ഗുജറാത്തിലെ കച്ച് ജില്ലയിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ചലനം ഇന്ന് രാവിലെ 6.32നാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 7.45 ന് റിക്ടര്‍ സ്കെയിലില്‍ രണ്ട് തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. കച്ച് ജില്ലയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നു.
ഭൂചലനം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി. കച്ചിലെ ഉയര്‍ന്ന പ്രദേശങ്ങളിലും വലിയ കെട്ടിടങ്ങളിലും വിറയല്‍ അനുഭവപ്പെട്ടു. കച്ച് ജില്ലയിലെ ബച്ചുവയില്‍ നിന്ന് 22 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് സീസ്മോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.