അഫ്ഗാനിലെ ഹിന്ദുക്കുഷ് മേഖലയില്‍ നിന്ന് പുറപ്പെട്ട ഭൂചലനം ഉത്തരേന്ത്യയേ കുലുക്കിയതിനു പിന്നാലെ രാജ്യം മുഴുവനും വമ്പന്‍ ഭൂക്മ്പത്തിന് കാത്തിരുന്നോളാന്‍ മുന്നറിയിപ്പ് നല്‍കി ഭൌമശാസ്ത്ര ഗവേഷകര്‍. ഇന്ത്യ ഉള്‍പ്പെടുന്ന ഹിമാലയന്‍ മേഖല നിലനില്‍ക്കുന്നത് വലിയൊരു ഭൂകമ്പ സാധ്യതയുടെ മേലെയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 219 ഭൂചലനങ്ങളാണ് ഉണ്ടായത് എന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാണിച്ചാണ് ഗവേഷകര്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അടുത്ത വൻ ഭൂകമ്പം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാൽ അടുത്ത 50 വര്‍ഷത്തിനകം ഇത്തരമൊരു വൻ ഭൂകമ്പം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഹിമാലയത്തോടു അടുത്തുകിടക്കുന്ന ഇന്ത്യയിലെ വടക്കൻ മേഖലയിലാണ് വൻ ഭൂകമ്പങ്ങൾക്ക് സാധ്യത. കശ്മീര്‍, ഹിമാചൽപ്രദേശ്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങി സംസ്ഥാനങ്ങളാണ് പ്രധാനമായും ഈ മേഖലയുടെ പരിധിയിൽ വരുന്നത്. ഹിമാലയന്‍ മേഖലയില്‍ ഭൂമിക്കടിയില്‍ വലിയ സമ്മര്‍ദ്ദമാണ് നിലനില്‍ക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഭൂമിശാസ്ത്രപരമായി ഏറെ പ്രധാനപ്പെട്ട മേഖലയാണ് ഹിമാലയം. ഇന്ത്യന്‍, യൂറേഷ്യന്‍ പാളികൾ ഒന്നിക്കുന്നത് ഹിമാലയന്‍ മേഖലയിലാണ്. ഇന്ത്യന്‍ ഫലകം വടക്ക് ദിശയിലേക്ക് നീങ്ങി യൂറേഷ്യന്‍ ഫലകത്തിന് അടിയിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ചലനങ്ങൾ ഭൂമിക്കടയിൽ വൻ ഊർജമുണ്ടാകാൻ കാരണമാകുന്നുണ്ട്. ഭൂമിക്കടിയിലെ പാളികൾ തമ്മിലുള്ള ഉരസലിലൂടെ വന്‍ ഊര്‍ജമാണ് ഹിമാലയൻ മേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സമ്മര്‍ദം ഏകദേശം 100 കിലോമീറ്റര്‍ വരെ നീണ്ടുകിടക്കുകയാണെന്നും ഗവേഷകർ പറയുന്നു. ഇത്തരത്തിൽ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മര്‍ദം 2,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹിമാലയന്‍ ഭൂകമ്പ മേഖലയെ നിര്‍ണായകമായി ബാധിക്കുമെന്നാണ് നിരീക്ഷണം.