അനധികൃത പണമിടപാട് കേസിൽ അറസ്‌റ്റിലായ കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. ഡല്‍ഹി ഖാൻ മാർക്കറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
2017 ജൂലായില്‍ ശിവകുമാറും ഐശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംപ്പൂരിലേക്ക് യാത്ര നടത്തിയിരുന്നു. ഇതാണ് ഇഡി ഉദ്യോഗസ്ഥരെ സംശയത്തിലാക്കുന്നത്. ഈ യാത്ര സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും ശേഖരിക്കാന്‍ കഴിയുമെന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വിശ്വസിക്കുന്നത്.
ശിവകുമാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ട്രസ്‌റ്റിയും മേല്‍നോട്ടം വഹിക്കുന്നതും ഐശ്വര്യയാണ്. നിരവധി എന്‍ജിനീയറിങ് കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ട്രസ്‌റ്റിന്റെ വിശദാംശങ്ങള്‍, പ്രവര്‍ത്തിക്കുന്ന രീതി, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാകും ഇഡി ഐശ്വര്യയില്‍ നിന്നും ചോദിച്ചറിയുക. ചോദ്യം ചെയ്യലിന് ശേഷം ഐശ്വര്യയെ കസ്‌റ്റഡിയിലെടുക്കാനുള്ള സാധ്യതകളും കൂടുതലാണ്.
നികുതി വെട്ടിപ്പ് നടത്തി, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിവകുമാറിനെതിരെ ഇഡി കേസെടുത്തത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സമ്പാദ്യം കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.