ഹോസ്റ്റലില്‍ പ്രവേശനം നിഷേധിച്ചു; പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ച് ദേശീയ കായിക താരം ആത്മഹത്യ ചെയ്തു

ഞായര്‍, 21 ഓഗസ്റ്റ് 2016 (12:21 IST)
ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന്​ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു. പട്യാല ഖൽസ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയും ഹാന്‍ഡ്ബോള്‍ താരവുമായ പൂജയാണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് പൂജയുടെ മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 
 
സൌജന്യ ഭക്ഷണവും ഹോസ്റ്റലും നൽകാമെന്ന്​ വാഗ്ദാനം നൽകിയാണ്​ കഴിഞ്ഞ വർഷം പൂജക്ക്​ കോളജിൽ ​പ്രവേശനം നൽകിയത്​. എന്നാല്‍ ആ സൌജന്യം ഈ വര്‍ഷം നിഷേധിച്ചിരുന്നു. കോളേജിലെത്താനുളള യാത്രാച്ചെലവോ ഹോസ്റ്റല്‍ഫീസോ അടക്കാന്‍ തന്റെ മാതാപിതാക്കളുടെ കയ്യില്‍ പണമില്ലെന്നും തന്നെ പോലെ നിര്‍ധനരായ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ പഠനസൗകര്യം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണമെന്നും ആത്മഹത്യാകുറിപ്പില്‍ പൂജ ആവശ്യപ്പെടുന്നു.
 
വീട്ടിൽനിന്നും കോളജിലേക്ക് പോയിവരാൻ ദിവസവും 120 രൂപ പൂജക്ക് ആവശ്യമായിരുന്നു. എന്നാല്‍ പച്ചക്കറി വിൽപനക്കാരനായ പൂജയുടെ പിതാവിനു ഇത്രയും വലിയ തുക താങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ പല ദിവസങ്ങളിലും പൂജയ്ക്ക് കോളജിൽ പോകാൻ കഴിഞ്ഞിരുന്നില്ലെന്നും മാതാപിതാക്കൾ അറിയിച്ചു.
 
അതേസമയം, പൂജയ്ക്ക് സൗജന്യമായിട്ടാണ് തങ്ങള്‍ വിദ്യാഭ്യാസം നൽകിയിരുന്നതെന്നും എന്നാല്‍ ഈ വർഷം പൂജയുടെ പഠന നിലവാരം മോശമായിരുന്നെന്നും അക്കാരണത്താലാണ് ഹോസ്റ്റൽ സൗകര്യം നല്‍കാതിരുന്നതെന്നും കോളജ് മാനേജ്മെന്റ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക