കേരള ഹൗസിലെ റെയ്‌ഡ് ചട്ടവിരുദ്ധമെന്ന് അന്വേഷണ കമ്മീഷന്‍
ബുധന്‍, 4 നവംബര്‍ 2015 (13:40 IST)
പശുവിറച്ചി വിളമ്പുന്നുവെന്ന വ്യാജ ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ കേരള ഹൗസ് കാന്റിനില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്‌ഡ് ചട്ടവിരുദ്ധമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. മൃഗസംരക്ഷണവകുപ്പ് ഡയറക്ടറാണ് റിപ്പോര്‍ട്ട് നല്‍കിയത്.
യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതിരിന്നിട്ടും കേരള ഹൗസ് കാന്റിനില്‍ നടത്തിയ റെയ്‌ഡ് ചട്ടവിരുദ്ധമായിരുന്നു. ഇത്തരത്തില്‍ റെയ്‌ഡ് നടത്താനുള്ള അധികാരാം പൊലീസിനില്ല. എന്നിട്ടും അനുമതിയില്ലാതെ പൊലീസ് റെയ്‌ഡ് നടത്തുകയായിരുന്നു. റെയ്‌ഡ് നടത്തേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നു. ബീഫ് പരിശോധനക്കായി തന്നെയാണ് പൊലീസ് കയറിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ബീഫ് വിളമ്പുന്നുവെന്ന ആരോപണം ഉണ്ടായിരുന്നുവെങ്കില്‍ പൊലീസ് അല്ല കാന്റിനില്‍ റെയ്‌ഡ് നടത്തേണ്ടത്. പരാതി ലഭിച്ചാല്‍ അത് മൃഗ സംരക്ഷണ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു പൊലീസ് ചെയ്യേണ്ടിയിരുന്നത്. കേരള ഹൗസ് അധികൃതരുടെ അനുമതിയും ഇക്കാര്യത്തില്‍ തേടേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സമാനമായ സംഭവങ്ങളില്‍ ആര്‍ക്കാണ് റെയ്‌ഡ് നടത്താന്‍ അനുമതിയുള്ളതെന്ന് പൊതുജനങ്ങള്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.