ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഡല്‍ഹിയുടെ വികസനത്തിന് എഴുപതിന കര്‍മപരിപാടിയുമായാണ് ആം ആദ്മി പാര്‍ട്ടി പത്രിക മുന്നോട്ട് വെച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ എല്ലാവര്‍ക്കും വീട്, ഓരോ കുടുംബത്തിനും പ്രതിമാസം 20,000 ലിറ്റര്‍ വെള്ളം സൌജന്യമായി നല്‍കും, വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും, സൗജന്യ വൈഫൈ ലഭ്യമാക്കും, സ്ത്രീസുരക്ഷക്കായി 12 ലക്ഷം സിസിടിവികള്‍ സ്ഥാപിക്കും തുടങ്ങിയവയാണ് പാര്‍ട്ടിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.
ജന്‍ലോക്പാല്‍ ബില്‍ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും പത്രികയില്‍ ആവര്‍ത്തിക്കുന്നുണ്ട്. പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്: അധികാരം ജനങ്ങളിലേക്കെത്തിക്കാന്‍ സ്വരാജ് ബില്‍, ഡല്‍ഹിയ്ക്കു പൂര്‍ണ സംസ്ഥാന പദവി, 500 പുതിയ സ്കൂളുകള്‍, 20 സര്‍ക്കാര്‍ കോളജുകള്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 200000 പബ്ളിക് ടോയ്ലറ്റുകള്‍, സ്വകാര്യ സ്കൂളുകളുടെ ഫീസില്‍ നിയന്ത്രണം, യമുനാ നദി പുനരുജ്ജീവിപ്പിക്കാന്‍ ബൃഹത്പദ്ധതി, ചെറുകിട വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ല, ഗ്രാമങ്ങള്‍ക്കു പ്രത്യേക പരിഗണന, എട്ടു ലക്ഷം പുതിയ ജോലികള്‍, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും, ചേരികളില്‍ അഞ്ചു ലക്ഷം വീടുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പാര്‍പ്പിട സമുച്ചയം, വൈദ്യുതി വിതരണ കമ്പനികളുടെ കണക്കുകള്‍ സിഎജി പരിശോധന തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളാണ് എഎപി മുന്നോട്ട് വയ്ക്കുന്നത്.
പത്രികയിലെ പല പ്രഖ്യാപനങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന സംശയം ജനിപ്പിക്കുന്നവയാണെങ്കിലും ജനപ്രിയവാഗ്ദാനങ്ങളാണ് പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്. നാല് മാസം സമയമെടുത്താണ് പ്രകടനപത്രിക തയ്യാറാക്കിയതെന്നും പത്രിക വിശുദ്ധ പുസ്തകമാണെന്നും എഎപി വ്യക്തമാക്കി. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി ലഭിക്കുന്നത് സ്വപ്‌നമാണെന്നും പത്രികയില്‍ എഎപി വ്യക്തമാക്കുന്നു. ഇത് ബിജെപിക്ക് ശക്തമായ സമ്മര്‍ദ്ദം സൃഷ്ടിക്കും. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി നല്‍കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.