രാഷ്ട്രപതി ഭരണത്തിന്‍ കീഴില്‍ തുടരുന്ന ഡല്‍ഹിയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാനുള്ള രാഷ്ട്രപതിയുടെ നിര്‍ദ്ദേശത്തിനെതിരേ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. അധികാരം പിടിക്കാന്‍ ബിജെപി വൃത്തികെട്ട തന്ത്രമാണ് പ്രയോഗിക്കുന്നതെന്ന് കെജ്‌രിവാള്‍ ട്വീറ്ററില്‍ കൂടി ആരോപിച്ചു.
നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ബിജെപി സൂത്രത്തില്‍ ഭരണം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഭൂരിപക്ഷമില്ലാതെ അവര്‍ക്ക് എങ്ങനെ സര്‍ക്കാരുണ്ടാക്കാന്‍ കഴിയും. അവര്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് ആവശ്യപ്പെടാത്തതെന്നും കെജ്‌രിവാള്‍ ആരാഞ്ഞു.
അതേ സമയം സുപ്രീം കോടതി പരാമര്‍ശത്തേ തുടര്‍ന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു എന്ന് കാണിക്കുന്നതിനായാണ് രാഷ്ട്രപതി ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാന്‍ ലഫ്. ഗവര്‍ണ്ണര്‍ നജീവബ് ജംഗിന് നിര്‍ദേശം നല്‍കിയത്.
രാഷ്ട്രപതി ഭരണം തുടരുന്ന ഡല്‍ഹിയില്‍ എത്രയും വേഗം ജനകീയ ഭരണം പുനഃസ്ഥാപിക്കാനുള്ള സാധ്യത തേടണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ലഫ്.ഗവര്‍ണര്‍ . ഏറ്റവും വലിയ ഒറ്റകക്ഷിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാമെന്ന് ലഫ്.ഗവര്‍ണര്‍ രാഷ്ട്രപതിക്ക് മറുപടിയും നല്‍കി.
എഴുപത് അംഗ നിയമസഭയില്‍ ബിജെപിക്ക് 32 സീറ്റുകളാണ് ഉണ്ടായിരുന്നത്. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ഷവര്‍ദ്ധന്‍ അടക്കം മൂന്ന് അംഗങ്ങള്‍ രാജിവച്ചിരുന്നു. ഈ ഒഴിവുകളിലേക്ക് നവംബര്‍ 25ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സീറ്റുകള്‍ വിജയിച്ചാല്‍ ബിജെപിക്ക് 32 സീറ്റുകള്‍ നിലനിര്‍ത്താനാകും. അകാലിദളിന്റെ ഒരംഗവും ബിജെപിയെ പിന്തുണയ്ക്കാനാണ് സാധ്യത.